കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഐജി ജി ലക്ഷ്മണാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്ത വ്യാഴാഴ്ച( ഓഗസ്റ്റ് 24) വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി അറിയിച്ചു. ലക്ഷ്മണിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലാണ് സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ.ബാബുവിന്റെ ഇടക്കാല ഉത്തരവ്.

ആരോഗ്യ കാരണങ്ങളാലാണ് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകാതിരുന്നതെന്നും അടുത്ത ദിവസം തന്നെ ഹാജരാകുമെന്നും ലക്ഷ്മണിന്റെ അഭിഭാഷകൻ അറിയിച്ചു. രണ്ടു തവണ ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും ലക്ഷ്മൺ ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

കുറ്റകൃത്യത്തിന്റെ യഥാർഥ സൂത്രധാരൻ ഐജി ജി. ലക്ഷ്മണാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഐജിയെ അറസ്റ്റു ചെയ്യാനും സാധ്യത ഏറെയാണ്. വ്യാജ പുരാവസ്തുക്കൾക്ക് ആധികാരികത വരുത്തിയതും കോടികൾ വിലമതിക്കുന്നവയാണെന്ന ധാരണപരത്തി സാമ്പത്തിക തട്ടിപ്പിനു വഴിയൊരുക്കിയതും ലക്ഷ്മണാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കേസിൽ ലക്ഷ്മണിന്റെ പങ്കു സംബന്ധിച്ച റിപ്പോർട്ട് കോടതിക്കു കൈമാറും. ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാതെ അന്വേഷണത്തിൽ പുരോഗതിയുണ്ടാവില്ലെന്ന് അന്വേഷണ സംഘം കോടതിയെയും സംസ്ഥാന പൊലീസ് മേധാവിയെയും അറിയിച്ചിട്ടുമുണ്ട്. വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കും മുൻപ് ഒന്നാം പ്രതി മോൻസൻ മാവുങ്കലിന്റെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. എന്നാൽ മോൻസണുമായി ബന്ധപ്പെട്ട മറ്റ് ഉന്നത പൊലീസുകാർക്കെതിരെ നടപടികളൊന്നും ഉണ്ടാകില്ല.

മുൻ ഡിജിപിയടക്കമുള്ളവർ മോൻസന്റെ പുരാവസ്തു ശേഖരം സന്ദർശിച്ചു ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും മോൻസനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അതുകൊണ്ട് തന്നെ അവർ രക്ഷപ്പെടും. എന്നാൽ ഐജി ലക്ഷമണയ്ക്കെതിരെ തെളിവ് കിട്ടിയെന്ന് അന്വേഷകർ പറയുന്നു. മോൻസനെതിരായ ആദ്യ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ഘട്ടത്തിൽ കേസിൽ ഐജി ജി. ലക്ഷ്മണിന്റെ പങ്കാളിത്തം സംബന്ധിച്ച വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ടുമായി ക്രൈംബ്രാഞ്ച് എത്തുന്നത്.

ഐജി ലക്ഷ്മൺ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുകളിൽ നേരിട്ടു പങ്കാളിയും ഇടനിലക്കാരനുമായിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികളും സാക്ഷിമൊഴികളും ക്രൈംബ്രാഞ്ചിനു ലഭിച്ചെന്നാണു സൂചന. കേസിൽ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ ഐജി ലക്ഷ്മൺ ശ്രമിക്കുന്നതും കേസിന്റെ അന്വേഷണ പുരോഗതിയെ അട്ടിമറിക്കാനെന്ന നിഗമനം ക്രൈംബ്രാഞ്ചിനുണ്ട്. അന്വേഷണത്തോടു ലക്ഷ്മൺ സഹകരിക്കാത്തത് അദ്ദേഹത്തിനു ലഭിച്ച ഇടക്കാല ജാമ്യം റദ്ദാക്കപ്പെടാൻ കാരണമാകാമെന്നു നിയമവിദഗ്ധരും സൂചിപ്പിക്കുന്നു.

മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണ നിക്ഷേപവും കള്ളപ്പണം വെളുപ്പിക്കലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി നൽകിയ നോട്ടിസും ഐജി ലക്ഷ്മൺ തുടർച്ചയായി അവഗണിക്കുകയായിരുന്നു. ആരോഗ്യ സംബന്ധമായ കാരണങ്ങൾ പറഞ്ഞാണു ലക്ഷ്മൺ ചോദ്യം ചെയ്യൽ ഒഴിവാക്കുന്നത്. ഇതെല്ലാം അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. എല്ലാ സാഹചര്യവും കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിൽ നിന്നും ക്രൈംബ്രാഞ്ചിന് അനുമതി കിട്ടിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് അതിവേഗ നടപടികൾ അന്വേഷണ സംഘം എടുക്കും.

ലക്ഷ്മണിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയിൽ ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞശേഷം മെഡിക്കൽ ബോർഡിനെ നിയോഗിച്ചു ലക്ഷ്മണിന്റെ ആരോഗ്യനില പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ ഐജി ലക്ഷ്മണിനെതിരെ ക്രൈംബ്രാഞ്ച് ഗൂഢാലോചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്.