കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും എതിരായ സി.എം.ആർ.എൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. ഒരു തെളിവുമില്ലാത്തതിനാൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ല.

കുറ്റകൃത്യം നടന്നുവന്ന് തെളിയിക്കാനുള്ള ഒരു രേഖയും ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ല. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പരാതിക്കാരൻ സമർപ്പിച്ച തെളിവുകൾ അപര്യാപ്തമാണെന്നു കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് തുടങ്ങി 12 പേരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്. വൻ തുക കൈക്കൂലിയായി നൽകിയതിലൂടെ കരിമണൽ കമ്പനിക്ക് അനർഹമായ നേട്ടവും പ്രത്യേക അവകാശവും പരിഗണനയും സർക്കാരിൽ നിന്നു ലഭിച്ചെന്നും എതിർകക്ഷികളിൽ 4 പേർ നിയമസഭ അംഗങ്ങളായിരുന്നെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.