- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ ആരോപണത്തിന് തെളിവ് എവിടെ? പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി; ഹർജിക്കാരൻ ആദ്യ റൗണ്ടിൽ പുറത്തായതെന്നും പൊതുതാൽപര്യം ഇല്ലെന്നും കോടതി; രഞ്ജിത്തിന് എതിരെ വീണ്ടും വിനയൻ
ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സംവിധായകൻ ലിജേഷ് മുല്ലേഴത്ത് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപിച്ചായിരുന്നു ഹർജി. എന്നാൽ ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.ആരോപണം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഹർജിക്കാരൻ സമർപ്പിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പാർഡിവാല എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
പുരസ്‌കാര നിർണയത്തിൽ ഇടപെടലുകളും ക്രമക്കേടും നടന്നെന്നായിരുന്നു ആരോപണം. നേരത്തേ ഹൈക്കോടതിയുടെ സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ ഹർജി തള്ളിയിരുന്നു. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടലുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പൊലീസ് അന്വേഷണത്തിന് വിടണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനാണ് ലിജീഷ് മുല്ലേഴത്ത്. ജൂറി അംഗങ്ങൾ തന്നെ പുരസ്‌കാര നിർണയത്തിലെ ഇടപെടലുകൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ എൻ പ്രഭു ചൂണ്ടികാട്ടി.
എന്നാൽ ഹർജിക്കാരൻ അവാർഡ് നിർണയത്തിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ പൊതുതാത്പര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഹർജിയിൽ തടസ്സ ഹർജി നൽകിയിരുന്ന ചലച്ചിത്ര അക്കാദമിക്കും രഞ്ജിത്തിനും വേണ്ടി സീനിയർ അഭിഭാഷകൻ സുധി വാസുദേവൻ, അഭിഭാഷകരായ അശ്വതി എം.കെ ശിൽപ്പ സതീഷ് എന്നിവർ ഹാജരായി.
സംവിധായകൻ വിനയനാണ് ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന തന്റെ ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാന് രഞ്ജിത്ത് ഇടപെട്ടന്നായിരുന്നു വിനയന്റെ ആരോപണം. ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹം രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് സർക്കാരിന് പരാതിയും നൽകിയിരുന്നു. പുരസ്‌കാരം ലഭിച്ചവരും കലാകാരന്മാരാണെന്നും അവാർഡ് സ്റ്റേ ചെയ്യാൻ കോടതിയെ സമീപിക്കില്ലെന്നുമായിരുന്നു വിനയന്റെ നിലപാട്. ഇതിനു പിന്നാലെയാണ് 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് ഹൈക്കോടതിയെ സമീപിച്ചത്
അതേസമയം, ചലച്ചിത്ര അവാർഡ് നിർണയത്തിലെ ഇടപെടലിനെകുറിച്ച് മന്ത്രിക്ക് നൽകിയ പരാതിയിൽ മറുപടി കിട്ടിയില്ലെന്ന് സംവിധായകൻ വിനയൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് വിനയൻ ആവർത്തിച്ചു. ഇക്കാര്യം താൻ ഉന്നയിച്ചതിന് പിന്നാലെ പല സംവിധായകരും തന്നെ വിളിച്ച് പിന്തുണ പ്രഖ്യാപിച്ചെന്നും വിനയൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ജൂറി മെമ്പർമാരുടെ വോയിസ് ക്ലിപ്പ് ഉൾപ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയിൽ പോയാൽ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല ഞാനതിനു പോകാഞ്ഞത്. അതെന്റെ നിലപാടായിരുന്നു... അതിനു ചില കാരണങ്ങളും ഉണ്ടായിരുന്നു. അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് ഞാൻ കരുതിയത്.
സംവിധായകൻ ഷാജി എൻ കരുൺ തന്നെ വിളിച്ച് പിന്തുണ അറിയിച്ചു. രഞ്ജിത്തിന്റെ കുറ്റകരമായ ഇടപെടലിനെപ്പറ്റി സാംസ്‌കാരിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കനെ ആ സമയത്തു തന്നെ അറിയിച്ചിരുന്നു എന്നാണ് ജൂറി അംഗം നേമം പുഷ്പരാജ് വെളുപ്പെടുത്തിയത്. അത് പിന്നീട് വിളിച്ചപ്പോൾ മനു അതു നിഷേധിച്ചില്ലെന്നത് അദ്ദേഹത്തിന്റെ സത്യസന്ധത വെളിപ്പെടുത്തുന്ന കാര്യമാണെന്നും കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ