- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.വി അൻവറിന്റെ പി വി ആർ നാച്വറോ പാർക്കിൽ കുട്ടികളുടെ പാർക്ക് മാത്രമേ തുറക്കാവു; ഇക്കാര്യം കളക്ടർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി; വാട്ടർതീം പാർക്കിന്റെ ഭാഗമായ കുളങ്ങൾ അടക്കമുള്ളവ പ്രവർത്തിക്കാൻ പാടില്ലെന്നും നിർദ്ദേശം
കൊച്ചി: പി.വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആർ നാച്വറോ പാർക്കിൽ കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് കോഴിക്കോട് കളക്ടർ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. വാട്ടർതീം പാർക്കിന്റെ ഭാഗമായ കുളങ്ങൾ അടക്കമുള്ളവ പ്രവർത്തിക്കാൻ പാടില്ലെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദ്ദേശം നൽകി.
സർക്കാരും പി.വി അൻവറും അടക്കമുള്ള 12 എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവായി. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച് പൂട്ടിയ പിവിആർ നാച്വറോ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി രാജനാണ് ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളുടെ പാർക്ക് തുറക്കാനുള്ള അനുമതിയുടെ മറവിൽ നീന്തൽകുളങ്ങൾ അടക്കമുള്ളവ തുറന്നു നൽകിയതായ ഹരജിക്കാരന്റെ വാദം കണക്കിലെടുത്താണ് കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താൻ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. പരാതിക്കാരനുവേണ്ടി അഡ്വ. പിയൂസ് എ.കൊറ്റം ഹാജരായി.
പാർക്കിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് 2018 ജൂൺ 18ന് ദുരന്തനിവാരണ നിയമപ്രകാരം കോഴിക്കോട് കളക്ടറാണ് പാർക്ക് അടച്ച്പൂട്ടാൻ ഉത്തരവ് നൽകിയത്. പാർക്കിന്റെ പ്രവർത്തനം മലയോര മേഖലകളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നു കണ്ടെത്തിയായിരുന്നു കളക്ടറുടെ ഉത്തരവ്. ഉരുൾപൊട്ടൽ സംബന്ധിച്ച് വിശദ ശാസത്രീയ പഠനം നടത്തണമെന്ന് കളക്ടർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത്തരത്തിൽ ഒരു പഠനം നടത്താതെയാണ് പി.വി അൻവർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 21ന് ദുരന്തനിവാരണ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി കുട്ടികളുടെ പാർക്ക് തുറന്ന് നൽകാൻ ഉത്തരവിട്ടത്. ഭരണകക്ഷി എംഎൽഎൽയായ അൻവറിന്റെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് അദ്ദേഹത്തിന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമം ലംഘിച്ച് പാർക്ക് തുറക്കാൻ അനുമതി നൽകിയതെന്നും ഹരജിയിൽ പറയുന്നു.
ദുരന്തനിവാരണ വിഭാഗം രൂപീകരിച്ച വിദഗ്ധസമിതി പരിശോധനക്കെത്തിയപ്പോൾ പാർക്കിലെ നിർമ്മാണങ്ങളും പ്ലാനും സ്‌കെച്ചും അടക്കം ആവശ്യമായ ഒരു രേഖകളും പി.വി അൻവർ നൽകിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പാർക്കിലെ കെട്ടിടങ്ങളുടെ ബലക്ഷമത പരിശോധിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സ്വകാര്യ കമ്പനിയായ കോഴിക്കോട്ടെ മാറ്റർ ലാബിനെയാണ് നിയോഗിച്ചത്.
സംസ്ഥാന, കേന്ദ്ര സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്താതെ ഊരാളുങ്കൽ സൊസൈറ്റിയുടെ സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിച്ചതും ഹരജിക്കാരൻ ചോദ്യം ചെയ്തിട്ടുണ്ട്. പാർക്കിൽ കേരള പഞ്ചായത്തീരാജ് കെട്ടിട നിയമം ലംഘിച്ചും പ്ലാനിൽ നിന്നും വ്യതിചലിച്ചതും റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാത്തുമായ കെട്ടിടങ്ങൾ ഉണ്ടെന്നും കെട്ടിട നിർമ്മാണ നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് കോഴിക്കോട് ജില്ലാ ടൗൺ പ്ലാനർ 2018 ജനുവരി 8ന് കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റിന് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ 5വർഷം കഴിഞ്ഞിട്ടും പാർക്കിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 2800 അടി ഉയരത്തിൽ മലയിടിച്ചാണ് പാർക്ക് പണിതതെന്നും ഉരുൾപൊട്ടലുണ്ടായ പാർക്കിൽ സുരക്ഷ ഉറപ്പുവരുത്താനുള്ള പഠനങ്ങളോ മുൻകരുതലുകളോ നടത്താതെ പാർക്ക് തുറന്നു നൽകിയത് നിയമലംഘനവും അധികാര ദുർവിനിയോഗവുമാണെന്നാണ് ഹരജിയിൽ പറയുന്നത്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്