- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ജയിൽ മാറ്റി ഒരുമിച്ച് പാർപ്പിക്കുന്നത് എന്തിന്? ജയിൽ വകുപ്പിനോട് വിശദീകരണം തേടി പ്രത്യേക കോടതി; നാല് പ്രതികളെയും ജില്ലാ ജയിലിൽ ഒരുമിച്ച് പാർപ്പിക്കുന്നതിൽ അതൃപ്തി അറിയിച്ചത് ഇഡി
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ജയിൽ മാറ്റി ഒരുമിച്ച് പാർപ്പിക്കുന്നത് എന്തിനെന്ന് കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജയിൽ വകുപ്പിനോട് വിശദീകരണം തേടി. നാല് പ്രതികളെയും ഒരുമിച്ച് പാർപ്പിക്കുന്നതിലാണ് ജയിൽ അധികൃതരോട് വിശദീകരണം തേടിയത്
പ്രതികളായ അരവിന്ദാക്ഷനെയും ജിൽസിനെയും സബ് ജയിലിൽ നിന്ന് മുഖ്യ പ്രതികളുള്ള എറണാകുളം ജില്ല ജയിലിലേക്ക് മാറ്റിയതിൽ ഇഡി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കോടതി ഇടപെടൽ. കേസുമായി ബന്ധപ്പെട്ട് കൊച്ചി ഓഫീസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് അരവിന്ദാക്ഷനും ബാങ്ക് ജീവനക്കാരനുമായിരുന്ന ജീൽസും ആദ്യം റിമാൻഡിലായത് എറണാകുളം സബ് ജയിലിലേക്കാണ്. എന്നാൽ പിന്നീട് ഇവരെ എറണാകുളം ജില്ലാ ജയിലിലേക്ക് മാറ്റി. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി സതീശനെയും തട്ടിപ്പിലെ ഇടനിലക്കാരൻ പി പി കിരണിനെയും പാർപ്പിച്ചിരിക്കുന്നതും ഇവിടെയാണ്. കേസിലെ പ്രധാന പ്രതികളായ നാലുപേരെയും ഒരേ ജയിലിൽ ആക്കിയതിലാണ് ഇഡി കോടതിയിൽ അതൃപ്തി അറിയിച്ചത്. കോടതിയേയോ അന്വേഷണ ഏജൻസിയേയോ മുൻകൂർ അറിയിക്കാതെയാണ് ജയിൽ മാറ്റമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കി.
കേസിൽ റിട്ട എസ്‌പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്‌പി ഫെയ്മസ് വർഗീസ്, കരുവന്നൂർ ബാങ്കിൽ നിന്ന് 18 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങി നടന്ന അനിൽ കുമാർ എന്നിവരെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയാണ്. കേസിലെ മുഖ്യപ്രതികളായ സതീശ് കുമാറും പിപി കിരണും തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തിൽ ഡിവൈഎസ്‌പി ഫെയ്മസ് വർഗീസ് ഇടപെട്ടിരുന്നു. മുൻ എസ്‌പി ആന്റണിക്ക് സതീഷ് കുമാറുമായി പണമിടപാട് ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ