കൊച്ചി: പാലക്കാട് ഉമ്മിണിയിൽ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ നിന്നും കഴിഞ്ഞ വർഷം രണ്ട് പുലി കുഞ്ഞുങ്ങളെ പിടികൂടിയപ്പോൾ വനംവകുപ്പ് സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് ഹൈക്കോടതി. വനംവകുപ്പ് നടപടി ചോദ്യം ചെയ്തുകൊണ്ട് ആനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി നൽകിയ അപ്പീൽ ഹർജിയിൽ വനം വകുപ്പ് പാലിച്ച നടപടി ക്രമങ്ങൾ വിശദമാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജഡ്ജിമാരായ എ മുഹമ്മദ് മുസ്താക്കും, ശോഭ അന്നമ്മ ഈപ്പനും ഉത്തരവിട്ടു.

2022 ജനുവരി 9 ന് അകത്തേത്തറ പഞ്ചായത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ആൾ താമസമില്ലാത്ത വീട്ടിൽ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. ഉടനെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ രണ്ട് കുഞ്ഞുങ്ങളെയും ഒരു കാർഡ്ബോർഡ് പെട്ടിയിലാക്കി സ്ഥലത്തുനിന്നും നീക്കി. ഈ നടപടി നാഷണൽ ടൈഗർ കൺസേർവഷൻ അഥോറിറ്റിയുടെ മാർഗനിർദേശങ്ങൾക്കും വന്യജീവി സംരക്ഷണ നിയമത്തിനും വിരുദ്ധമാണെന്നാരോപിച്ചാണ് ഏംഗൽ നായർ ഹൈക്കോടതിയെ സമീപിച്ചത്.

എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ടാണ് തങ്ങൾ പുലികുഞ്ഞുങ്ങളെ കൊണ്ടുപോയത് എന്ന വനം വകുപ്പിന്റെ വാദം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയിരുന്നു. തുടർന്ന് നൽകിയ അപ്പീൽ ഹർജിയിൽ ആണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഈ സംഭവത്തിൽ ഉള്ള ഗൗരവം ഹർജിക്കാരൻ വിശദീകരിച്ചിട്ടുണ്ട് എന്നും ജോലിക്കാർക്ക് മാർഗനിർദേശങ്ങളെ കുറിച്ച് വനം വകുപ്പ് ബോധവത്കരണം നടത്തിയിട്ടുണ്ടോ എന്ന് കോടതിക്ക് അറിവിലേയ്ക്കായി സമർപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്്.

സംഭവത്തിൽ ഒരു കുഞ്ഞിനെ തള്ളപുലി കൊണ്ടുപോയി എന്ന വനം വകുപ്പിന്റെ അവകാശവാദം വിശ്വസിക്കാനാവില്ലന്നും ഇക്കാര്യത്തിൽ പലവിധ സംശയങ്ങൾ ഉയർന്നിട്ടുണ്ടെന്നും ഏംഗൽസ് നായർ ഹർജ്ജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. അവശേഷിച്ച പുലിക്കുഞ്ഞ് രണ്ടു മാസങ്ങൾക്ക് ശേഷം ജീവൻ വെടിഞ്ഞു. നാഷണൽ ടൈഗർ കൺസേർവഷൻ അഥോറിറ്റിയുടെ മാർഗനിർദേശങ്ങൾ പ്രകാരം കടുവയുടെയോ പുലിയുടെയോ കുഞ്ഞുങ്ങളെ ഒറ്റപ്പെട്ട നിലയിൽ കണ്ടത്തിയാൽ ഉടനെ തന്നെ ഒരു എൻജിഒ പ്രതിനിധിയും പഞ്ചായത്ത് അംഗവും ഉൾപ്പെടുന്ന ഒരു ഏഴംഗ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് ചട്ടം.

തള്ളപുലിയുടെ സാന്നിധ്യം മനസ്സിലാക്കുവാൻ മണലോ പൊടിയോ പരിസരത്ത് വിതറണം. ജനങ്ങൾ പ്രശ്നം ഉണ്ടാകുകയാണെങ്കിൽ 144 പ്രഖ്യാപിക്കണം. തള്ള പുലിയുടെ സാന്നിധ്യം ഇല്ല എന്ന് കമ്മിറ്റിക്ക് ബോധ്യമായാൽ നിബന്ധനകൾ പ്രകാരം ഒരു മൃഗഡോക്ടർക്ക് മാത്രമാണ് പുലികുഞ്ഞുങ്ങളെ എടുത്തു മാറ്റാൻ അധികാരമുള്ളത്. അതുവരെ കുഞ്ഞുങ്ങളെ വേലിക്കുള്ളിൽ സംരക്ഷിക്കണം. ഇക്കാര്യം മാർഗ്ഗ നിർദ്ദേശത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ലംഘിക്കപ്പെട്ടതായി പുറത്തുവന്ന വിഡിയോ കാണുന്ന ആർക്കും മനസിലാവും, ഏംഗൽസ് നായർ വിശദമാക്കി. വനം വകുപ്പിനു വേണ്ടി പ്രോസിക്യൂട്ടർ അഡ്വ സംഗീത് ഹാജരായി.