- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയും കാമുകനും ഭാര്യാമാതാവും ചേർന്ന് കൊലപ്പെടുത്തിയെന്ന് കേസ്; തെളിവില്ലെന്ന് കോടതി; മൊകേരി ശ്രീധരൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു; പ്രതികൾ കുറ്റക്കാരല്ലെന്ന് മാറാട് അഡീഷണൽ സെഷൻസ് കോടതി
കോഴിക്കോട്: പ്രമാദമായ കോഴിക്കോട് മൊകേരി ശ്രീധരൻ വധക്കേസിൽ മുഴുവൻ പ്രതികളെയും കോഴിക്കോട് മാറാട് അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ജഡ്ജി എസ്. ആർ. ശ്യാം ലാലാണ് വിധി പ്രസ്താവിച്ചത്.
ശ്രീധരന്റെ വീട്ടിലെ ജോലിക്കാരൻ ആയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പരിമൾ ഹൽദാർ (52 വയസ്സ് )ശ്രീധരന്റെ ഭാര്യ മൊകേരി വട്ടക്കണ്ടി മീത്തൽ ഗിരിജ (43)വയസ്സ്, ഭാര്യാ മാതാവ് കുണ്ടുത്തോട് വലിയ പറമ്പത്ത് ദേവി (67)വയസ്സ് എന്നിവരെയാണ് കോടതി കുറ്റകാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് എം. മുഹമ്മദ് ഫിർദൗസും രണ്ടും മൂന്നും പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് എം. കെ. കൃഷ്ണമോഹനനും ഹാജരായി.
2017 ജൂലൈ 8 ന് ആണ് ശ്രീധരൻ മരണപ്പെടുന്നത്. ഹൃദയാഘാതം എന്ന മട്ടിൽ കണ്ട് ബന്ധുക്കൾ മറവ് ചെയ്തിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങിയതോടുകൂടിയാണ് കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതും മറവ് ചെയ്ത ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നതും.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്രീധരനെ വിഷം നൽകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ 2017 ഓഗസ്റ്റ് മൂന്നിന് മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്ക് 38 സാക്ഷികളെ കോടതി വിസ്തരിച്ചു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഐപിസി 302 പ്രകാരമുള്ള കുറ്റമാണ് പ്രതികൾക്ക് എതിരെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. മൂന്നു പ്രതികളുടെയും കുറ്റസമ്മത മൊഴി പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
കുറ്റപത്രത്തിൽ പറഞ്ഞത്
ഭാര്യയും ബംഗാൾ സ്വദേശിയായ കാമുകനും മാതാവും ചേർന്ന് ശ്വാസം മുട്ടിച്ച് ശ്രീധരനെ കൊലപ്പെടുത്തിയെന്നാണ് കേസ്.2017 ജൂലൈ എട്ടിന് രാത്രിയാണ് കൊലപാതകം നടന്നത്.
ഒന്നാംപ്രതി പരിമൾ നൽകിയ മരുന്ന് രണ്ടാംപ്രതി ശ്രീധരന്റെ ഭാര്യ ഗിരിജയും മാതാവ് ദേവിയും ചേർന്ന് ആഹാരത്തിൽ കലക്കി ശ്രീധരന് നൽകി. ശ്രീധരൻ മയക്കത്തിലായതോടെ പരിമളിനെ വിളിച്ചുവരുത്തി. തുടർന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഹൃദയാഘാതമാണെന്ന് നാട്ടുകാരെയും ബന്ധുക്കളെയും തെറ്റിദ്ധരിപ്പിച്ചാണ് മൃതദേഹം മറവ് ചെയ്തത്. ഗിരിജയും പരിമളും തമ്മിലുണ്ടായിരുന്ന ബന്ധത്തിൽ നാട്ടുകാർക്ക് തോന്നിയ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ കാരണമായത്. സൗജന്യ നിയമസഹായത്തിനായി പരിമളിന് കോടതി അഭിഭാഷകനെയും നൽകിയിരുന്നു.
കൊലപാതകം നടക്കുന്നതിന്റെ ഒന്നരവർഷം മുൻപാണ് ശ്രീധരന്റെ വീടുനിർമ്മാണത്തിനായി പരിമളെത്തിയത്. കൊലയ്ക്ക് ശേഷം ജില്ല വിട്ടുപോയ ഈയാളെ ഗിരിജ വഴി പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഈ ബന്ധത്തിന് ശ്രീധരൻ തടസമായതാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.കേസിൽ അറുപത്തിനാല് സാക്ഷികളാണുണ്ടായിരുന്നത്.. കൊലപ്പെടുത്താൻ ഉപയോഗിച്ച തോർത്ത് പ്രതികളുടെ മൊബൈൽ ഫോണുകൾ തുടങ്ങിയ തെളിവുകളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ