- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് 180 കോടിയോളം രൂപയുടെ കള്ളപ്പണമിടപാട്; 12,000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി; കേസിൽ ആകെ 55 പ്രതികൾ; ഇടപാട് ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്.
12000 പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും 5 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ബാങ്കിലെ മുൻ കമ്മീഷൻ ഏജന്റ് എ.കെ. ബിജോയ് ആണ് കേസിലെ ഒന്നാം പ്രതി. ആകെ 55 പ്രതികളാണുള്ളത്. ഇതിൽ അഞ്ചെണ്ണം കമ്പനികളാണ്. പി. സതീഷ് കുമാർ 13-ാം പ്രതിയും സിപിഎം വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ 14-ാം പ്രതിയുമാണ്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവർഷത്തിലധികമായി. 2021 ജൂലൈയിലാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണം ഇഡി ഏറ്റെടുക്കുകയായിരുന്നു.
പ്രതികളുടെ 97 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസിൽ പ്രതികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റൃത്യത്തിൽ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
ഇതിനിടെ, കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ സർക്കാരിന്റെ പുതിയ പാക്കേജ് പ്രകാരം നിക്ഷേപകർക്ക് പണം നൽകുന്നത് ഇന്ന് തുടങ്ങി. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ് പിൻ വലിക്കാനാവുക. അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ നവംബർ 11 മുതൽ പിൻവലിക്കാം. സേവിങ്ങ്സ് അക്കൗണ്ടുകളിൽ നിന്ന് നവംബർ 20 ന് ശേഷം അൻപതിനായിരം വരെ പിൻവലിക്കാനാണ് അനുമതി. 21,190 സേവിങ്സ് നിക്ഷേപകർക്ക് പൂർണമായും 2448 പേർക്ക് ഭാഗികമായും പണം തിരികെ നൽകുമെന്നാണ് ബാങ്ക് വാഗ്ദാനം.
മറുനാടന് മലയാളി ബ്യൂറോ