കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബർ 14-ന് പ്രഖ്യാപിക്കും. വ്യാഴാഴ്ച പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബർ 14-ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച നടന്ന വാദത്തിൽ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളിൽ 13 കുറ്റങ്ങളിലാകും ശിക്ഷ വിധിക്കുകയെന്നും കോടതി പറഞ്ഞു. മൂന്ന് കുറ്റങ്ങൾ ആവർത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളിൽ മാത്രം ശിക്ഷ വിധിക്കുന്നതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

വ്യാഴാഴ്ച രാവിലെ പത്തരയോടെ തന്നെ പ്രതി അസ്ഫാകിനെ ജയിലിൽനിന്ന് കോടതിയിൽ എത്തിച്ചു. 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചു. നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക് ആലം മറുപടി നൽകിയത്. ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗവും കോടതിയിൽ ആവശ്യപ്പെട്ടു. വധശിക്ഷ നൽകരുത്, പ്രായം പരിഗണിക്കണം. മനഃപരിവർത്തനത്തിന് അവസരം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇയാളെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാൽ അത് ജനിക്കാനിരിക്കുന്ന കുട്ടികൾക്കും ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി പ്രതിക്കെതിരേ പൊലീസ് ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് നവംബർ നാലിന് കോടതി വ്യക്തമാക്കിയിരുന്നു.

പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും വാദിച്ച പ്രൊസിക്യൂഷൻ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നും പറഞ്ഞിരുന്നു. പ്രതിയുടെ മാനസികാവസ്ഥ, ജയിലിലെ പെരുമാറ്റം, സാമൂഹിക പശ്ചാത്തലം, പെൺകുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ ഹാജരാക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. വ്യാഴാഴ്ച ഈ റിപ്പോർട്ടുകൾ പരിശോധിച്ച് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങളാണ് കോടതി കേട്ടത്.

സാക്ഷിമൊഴികൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനാണെന്ന് തെളിയിച്ചത്. വധശിക്ഷ വിധിക്കാവുന്ന മൂന്നു കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മൃതദേഹം കല്ലുകൊണ്ട് ഇടിച്ചുവികൃതമാക്കിയ സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കല്ലുകൊണ്ട് ഇടിച്ചു മുഖം വികൃതമാക്കി ഒടിച്ചുമടക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതിനിടെ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ തന്നെ നൽകണമെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം. പ്രതിക്ക് പരമാവധി ശിക്ഷ നൽകിയാലെ തന്റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

ഇതുവരെ എല്ലാ പിന്തുണയും നൽകിയ കേരള സർക്കാരിനും പൊലീസിനും മറ്റെല്ലാവർക്കും നന്ദി അറിയിക്കുകയാണ്. ഒപ്പം നിന്നവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നുവെങ്കിൽ മാറി ചിന്തിച്ചേനെ. കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും മാതാവ് പറഞ്ഞു.

ജൂലായ് 28-നാണ് ആലുവയിൽ അഞ്ചുവയസുകാരിയെ പ്രതി അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്ന സ്ഥലത്തെത്തിച്ച ശേഷമായിരുന്നു ക്രൂരകൃത്യം. പീഡിപ്പിച്ച ശേഷം കുട്ടിയ കൊലപ്പെടുത്തിയ അസ്ഫാക് കല്ലുകൊണ്ട് ഇടിച്ച് മുഖം ചതുപ്പിലേക്ക് താഴ്‌ത്തുകയും ചെയ്തിരുന്നു. പിറ്റേന്ന് മുഖം വികൃതമായി ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന് നൂറുദിവസം തികയുന്നതിന് മുൻപ് അന്വേഷണം നടത്തി, കുറ്റപത്രം സമർപ്പിച്ച്, വിചാരണ പൂർത്തിയാക്കിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. റെക്കോഡ് വേഗത്തിലായിരുന്നു കേസിന്റെ അന്വേഷണവും വിചാരണയും.