കൊച്ചി: എറണാകുളത്തെ സ്ഥിരം ലോക് അദാലത്തിലെ ആൾക്ഷാമം പരിഹരിക്കാൻ, ഒഴിവുകൾ നികത്തണമെന്ന് കേരള സ്‌റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ച് തസ്തികകളിലേക്കാണ് ജീവനക്കാരെ നിയമിക്കേണ്ടത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ലോക് അദാലത്തിലേക്ക് ഹെഡ് ക്ലാർക്ക്, ബെഞ്ച് അസിസ്റ്റന്റ്, ക്ലെറിക്കൽ അസിസ്റ്റന്റ്(ദിവസ വേതനം), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് , ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളാണ് സർക്കാർ അനുവദിച്ചത്. സംസ്ഥാന സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിൽ നിന്നോ ഹൈക്കോടതി സർവീസിൽ നിന്നോ ആണ് ഈ തസ്തികകളിലേക്ക് നിയമനം നടത്തേണ്ടത്. കെൽസ( കേരള സ്‌റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റി) ക്ക് നിയമനം നടത്താമെന്നും സർക്കാർ വേതനം നൽകുമെന്നും കോടതിയിൽ ബോധിപ്പിച്ചു.

സ്ഥിരം ലോക് അദാലത്തിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബോബി കുര്യാക്കോസ് നൽകിയ റിട്ട് ഹർജിയാണ് കോടതി തീർപ്പാക്കിയത്. ലോക് അദാലത്തിന് മുമ്പാകെയുള്ള തന്റെ ഇൻഷുറൻസ് ക്ലെയിം സമയപരിധിക്കുള്ളിൽ തീർപ്പാക്കണമെന്നും ബോബി കുര്യാക്കോസ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതുകൊണ്ട് അദാലത്തിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചതോടെയാണ് ബോബി കുര്യാക്കോസിന്റെ ഇൻഷുറൻസ് കേസ് പലവട്ടം മാറ്റി വച്ചത്. കോടതി ഇടപെട്ടില്ലെങ്കിൽ അദാലത്തിന്റെ പ്രവർത്തനം അനിശ്ചിതമായി നിലയ്ക്കുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ജനുവരിയിൽ കേസ് പരിഗണിച്ചപ്പോൾ, ലോക് അദാലത്തിലെ നിലവിലെ സംവിധാനങ്ങൾ വച്ച് സാധാരണ കേസുകളും, 2018 ലെ പ്രളയവുമായി ബന്ധപ്പെട്ട അപ്പീൽ കേസുകളും തീർപ്പാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടിയത്. രണ്ടുമാസത്തിനകം കെൽസ നിയമനം നടത്തണമെന്നും, നിയമിതരാകുന്ന ജീവനക്കാർക്ക് കാലതാമസമില്ലാതെ വേതനം നൽകാൻ മതിയായ ഫണ്ട് സർക്കാർ ഉറപ്പാക്കണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്.