കൊച്ചി: കെ എസ് ഇ ബി മീറ്റർ റീഡർ തസ്തികയിലെ പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി. അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തി എന്ന് കോടതി വിലയിരുത്തി. യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ഇതോടെ പിഎസ് സിയിലൂടെ നിയമനം നേടിയ 100 ലധികം പേർ അയോഗ്യരാവും. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി എസ് സുധ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. യോഗ്യതയുണ്ടായിട്ടും നിയമനത്തിൽ പരിഗണിക്കാത്തിനെതിരെ തൃശൂർ സ്വദേശി മുഹമ്മദ് നയിം കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.

മീറ്റർ റീഡർ തസ്തികയിലെ പിഎസ് സി ലിസ്റ്റിൽ അയോഗ്യരായവരെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു.