തിരുവനന്തപുരം: കൊലക്കേസിൽ കോടതി വിധി പറയുന്നത് കേൾക്കാൻ നിൽക്കാതെ മുങ്ങി.ആദ്യം വിളിച്ചപ്പോൾ പ്രതി അമ്പലത്തിൽ തേങ്ങ ഉടയ്ക്കാൻ പോയതാണെന്ന് അഭിഭാഷകൻ പറഞ്ഞു. രണ്ടാമത് പരിഗണിച്ചപ്പോഴും പ്രതി ഇല്ല. മൂന്നാം തവണയും കേസ് വിളിച്ചപ്പോൾ എത്താതിരുന്നപ്പോഴാണ് മുങ്ങിയതാണെന്ന് മനസിലായത്. രാവിലെ ആറാം അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രതിയെ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.പിന്നീട് ഇയാളെ പിടികൂടി.

പോത്തൻകോട് കൊയ്ത്തൂർകോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് കോടതിയിൽ നിന്നും മുങ്ങിയത്. പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ഇയാൾ മദ്യപിച്ച നിലയിലായിരുന്നു. ബൈജുവിനെ നാളെ കോടതിയിൽ ഹാജരാക്കും. വഞ്ചിയൂർ കോടതിയിലാണ് സംഭവം.

കേസിൽ വിചാരണ പൂർത്തിയായി വിധി പറയാനിരിക്കെയാണ് പ്രതി മുങ്ങിയത്. കുറ്റക്കാരനാണോ അല്ലയോ എന്നതിൽ വിധി പറയാൻ കോടതി തുടങ്ങവേയാണ് മുങ്ങിയത്.

കൊയ്ത്തൂർകോണം സ്വദേശി ഇബ്രാഹിം(64)നെ പൊമ്മു എന്ന ബൈജു കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ജൂൺ 17-നാണ് പ്രതി ഇബ്രാഹിമിനെ പ്രതി വെട്ടി പരിക്കേൽപ്പിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി കൊയ്ത്തൂർ കോണത്ത് ഒരു കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു. കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്റെ പണം നൽകാതെ തർക്കത്തിലായി. ആ സമയത്ത് കടയിൽ സാധനം വാങ്ങാനെത്തിയതായിരുന്നു ഇബ്രാഹിം. വിഷയത്തിൽ ഇടപെടൽ നടത്തിയ ഇബ്രാഹിമിന്റെ സമീപനം ബൈജുവിനെ പ്രകോപിതനാക്കുകയാരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ഇബ്രാഹിമിനെ തലങ്ങും വിലങ്ങും വെട്ടി. ചികിത്സയിലിരിക്കെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇബ്രാഹിമിന്റെ മരണം സംഭവിക്കുന്നത്.
പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.