- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബിൻ ബസ് ഉടമയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഇടപെടൽ; അഖിലേന്ത്യ പെർമിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചു; ബസ് പിടിച്ചാൽ പിഴ ഈടാക്കി വിട്ടുനൽകണമെന്നും കോടതി
തിരുവനന്തപുരം: റോബിൻ ബസ് ഉടമയ്ക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഇടപെടൽ. അഖിലേന്ത്യ പെർമിറ്റ് റദ്ദാക്കിയ നടപടി കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് നടപടി മരവിപ്പിച്ച് കോടതിയുടെ ഇടക്കാല ഉത്തരവ്. പെർമിറ്റ് അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുത്താൽ പിഴ ഈടാക്കി വിട്ടുനൽകണമെന്നും കോടതിയുടെ ഉത്തരവിലുണ്ട്.
നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് ഗതാഗത സെക്രട്ടറിയാണ് പെർമിറ്റ് റദ്ദാക്കിയത്. 2023 ലെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു. കോഴിക്കോട് സ്വദേശിയായ കെ. കിഷോർ എന്നയാളുടെ പേരിലാണ് ബസിന്റെ അഖിലേന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത് ഗിരീഷിനാണ്.
നേരത്തെ പെർമിറ്റ് ലംഘിച്ചെന്ന് കാണിച്ച് ബസിന് മോട്ടോർ വാഹന വകുപ്പ് നിരന്തരം പിഴയിട്ടിരുന്നു. കഴിഞ്ഞ ദിവസം എം വി ഡി ബസ് പിടിച്ചെടുക്കുകയും ചെയ്തു. വാഹനത്തിനെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്.
എംവിഡി സ്‌ക്വാഡ് ചോദ്യം ചെയ്തപ്പോൾ ബസിലെ യാത്രക്കാർ പല ആവശ്യത്തിനു പല സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നവരാണെന്നു ബോധ്യപ്പെട്ടു. എഐടിപി പെർമിറ്റുള്ള വാഹനങ്ങൾ കോൺട്രാക്ട് കാര്യേജുകളായതിനാൽ അവയ്ക്കു ബാധകമായ എല്ലാ ചട്ടങ്ങളും റോബിൻ ബസിനു ബാധകമാണെന്നും പെർമിറ്റ് റദ്ദാക്കിയുള്ള ഉത്തരവിൽ പറഞ്ഞിരുന്നു. എഐടിപി ചട്ടം 11 പ്രകാരം പെർമിറ്റ് റദ്ദാക്കിയെന്നാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി സെക്രട്ടറി കെ.മനോജ് കുമാറിന്റെ ഉത്തരവിൽ പറയുന്നത്. ഹൈക്കോടതിയിൽ ബസുടമ കോഴിക്കോട് സ്വദേശി കെ.കിഷോർ നൽകിയിരിക്കുന്ന കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണു സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി പെർമിറ്റ് റദ്ദാക്കിയത്.ത്.
ബസിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.
മറുനാടന് മലയാളി ബ്യൂറോ