കൊച്ചി: പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ, പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി. പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്ത സംഭവത്തിലായിരുന്നു പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിമർശനം. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് വച്ച് പ്രതികളെ മർദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് കോടതി ചോദിച്ചു. നീതി എല്ലാവർക്കും കൂടിയുള്ളതാണ്. രണ്ട് നീതി എന്തിനെന്നും പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം ഉണ്ടായത്. കേസിൽ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്താണ് പൊലീസിനെതിരെ കോടതി വിമർശനം ഉന്നയിച്ചത്. കേസിൽ കെഎസ് യു പ്രവർത്തകർക്കെതിരെ 308-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വധശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വകുപ്പ്. കേസിൽ 308-ാം വകുപ്പ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താൽ എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താൻ കഴിയുക? ഓടിക്കൊണ്ടിരുന്ന ബസിന് നേരെയാണ് ഷൂ എറിഞ്ഞത്. ഷൂ ബസിനുള്ളിലേക്ക് പോയില്ലല്ലോ? പിന്നെ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നത് എന്നും കോടതി ചോദിച്ചു

നവകേരള സദസ്സിന്റെ സംഘാടകരും ഡിവൈഎഫ്ഐക്കാരും അടക്കമുള്ളവർ ചേർന്ന് തങ്ങളെ മർദിച്ചതായി കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ കോടതിയിൽ പറഞ്ഞു. സംഭവം നടക്കുമ്പോൾ പൊലീസ് അവിടെയുണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് മർദനമേറ്റവരെ സംരക്ഷിക്കേണ്ട ചുമതല പൊലീസിനില്ലേയെന്നും എങ്ങനെയാണ് ഇത്തരത്തിൽ ഇരട്ടനീതി നടപ്പാക്കാൻ സാധിക്കുന്നതെന്നും കോടതി വിമർശിച്ചു. പ്രതികളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നും പൊലീസിനോട് കോടതി ചോദിച്ചു.

കേസിൽ വീഴ്ചവരുത്തിയ പൊലീസുകാർക്കെതിരേ വിശദമായ പരാതി എഴുതിനൽകാൻ കേസിലെ പ്രതികളോട് കോടതി നിർദ്ദേശിച്ചു. പരാതി ലഭിച്ചശേഷം കേസ് വീണ്ടു കോടതി പരിഗണിക്കും.