- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അംഗങ്ങളെ നിർദ്ദേശിച്ചതിന് സ്റ്റേ; ഇടക്കാല ഉത്തരവ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ; സർവകലാശാല നൽകിയ ലിസ്റ്റ് തഴഞ്ഞ ചാൻസലർ തിരഞ്ഞെടുത്തത് യോഗ്യതയില്ലാത്തവരെ എന്ന് ഹർജിയിൽ; ചാൻസലർക്കുള്ള ആദ്യ അടിയെന്ന് എസ്എഫ്‌ഐ
കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥികളെ നിർദ്ദേശിച്ച ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്. സെനറ്റിലേക്ക് നാല് വിദ്യാർത്ഥികളെ നാമനിർദ്ദേശം ചെയ്ത നടപടിക്കാണ് സ്റ്റേ.ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചിന്റേതാണ് നടപടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഹ്യുമാനിറ്റീസ്, സയൻസ്, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്നവരെയാണ് സെനറ്റിലേക്ക് ശുപാർശ ചെയ്യേണ്ടത്. എന്നാൽ ഈ മാനദണ്ഡം പൂർണ്ണമായും ലംഘിച്ചുവെന്നാണ് ഹർജിക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ച വാദം. മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥി നന്ദകിഷോർ, അരവിന്ദ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.
സർവകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരല്ല നാമ നിർദ്ദേശം ചെയ്യപ്പെട്ടതെന്നും ചാൻസിലർ ശുപാർശ ചെയ്ത നാല് പേരെയും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്. ഗവർണർ നിർദ്ദേശിച്ച നാല് വിദ്യാർത്ഥികളും എബിവിപി പ്രവർത്തകരാണ്. സർവകലാശാല നൽകിയ ലിസ്റ്റ് തഴഞ്ഞാണ് ലിസ്റ്റിലില്ലാത്ത ഈ നാല് പേരെ ഗവർണർ നിർദ്ദേശിച്ചിരുന്നത്.
മികവിന്റെ അടിസ്ഥാനത്തിൽ നാല് വിദ്യാർത്ഥികളെയാണ് സർവകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയൻസ്, ഹ്യൂമാനിറ്റീസ്, ആർട്സ്, സ്പോർട്ട്സ് എന്നീ വിഭാഗത്തിൽ നിന്നാണത്. ഇതിൽ കേരള സർവകലാശാല നൽകിയ വിദ്യാർത്ഥികളിലൊരാൾ ബി എ മ്യൂസിക്കിൽ ഒന്നാം റാങ്ക് ജേതാവും എം എ വിദ്യാർത്ഥിയുമാണ്. ഇത്തരത്തിൽ ബി എ വേദാന്തം, ബി എ വീണ, ബിഎസ് ഡബ്ല്യൂ എന്നിവയിൽ ഒന്നാം റാങ്ക് നേടിയവരെയാണ് സർവകലാശാല പരിഗണിച്ചത്. ഫൈൻ ആർട്സിൽ കഴിഞ്ഞ വർഷത്തെ കലാപ്രതിഭയെയും സ്പോർട്സിൽ ദേശീയ തലത്തിൽ വെങ്കലം നേടിയ വിദ്യാർത്ഥിയെയും സർവകലാശാല നിർദ്ദേശിച്ചു. എന്നാൽ ഇതെല്ലാം അട്ടിമറിച്ച് എബിവിപി നേതാക്കളെ ചാൻസലർ നിശ്ചയിക്കുകയായിരുന്നു.
ചാൻസലർക്കുള്ള ആദ്യ അടിയെന്ന് എസ്എഫ്‌ഐ
ഹൈക്കോടതി വിധിയെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി.എം ആർഷോ സ്വാഗതം ചെയ്തു. ചാൻസലർക്കുള്ള ആദ്യ അടി ഹൈക്കോടതി കൊടുത്തിട്ടുണ്ട്. എസ്എഫ്‌ഐ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. അവർ എബിവിപി പ്രവർത്തകരാണ് എന്നതാണ് നാല് പേർക്കും ചാൻസലർ കണ്ട ഏക യോഗ്യതയെന്നും അദ്ദേഹം വിമർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ