- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനം നവകേരള സദസിന് വേദിയാക്കാനാവില്ല; ക്ഷേത്ര മൈതാനം വിട്ടുകൊടുക്കാൻ ദേവസ്വം ബോർഡ് നൽകിയ അനുമതി തടഞ്ഞ് ഹൈക്കോടതി; ക്ഷേത്രപ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദത്തിന് അംഗീകാരം
കൊച്ചി: കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രം മൈതാനം വേദിയാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി വിധി. ക്ഷേത്ര മൈതാനം വിട്ട് കൊടുക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയ ഉത്തരവ് ഹൈക്കോടതി പരിശോധിച്ചിരുന്നു.
ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. ക്ഷേത്രത്തോട് ചേർന്നാണ് നവ കേരള സദസ്സിനുള്ള പന്തൽ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സർക്കാർ പരിപാടി മാറ്റേണ്ടി വരും.
കടയ്ക്കൽ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടും കേസുണ്ട്. ക്ഷേത്ര സംബന്ധിയല്ലാത്ത ഇത്തരമൊരു സാമൂഹിക രാഷ്ട്രീയ സർക്കാർ പരിപാടി ക്ഷേത്രഭൂമിയിൽ സംഘടിപ്പിക്കുന്നത് ക്ഷേത്രാചാരങ്ങൾക്കും ദേവസ്വം നിയമങ്ങൾക്കും ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള വിധികൾക്കും ദേവസ്വം ബോർഡിന്റെ തന്നെ സർക്കുലറിനും വിരുദ്ധമാണെന്നായിരുന്നു വാദം
2023ലെ തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടി കക്ഷിയായ മൂന്ന് വ്യത്യസ്ത കേസുകളിൽ ഹൈക്കോടതി ക്ഷേത്ര മൈതാനിയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടതല്ലാത്ത മറ്റു പരിപാടികൾ നടത്താനാവില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളായണി ദേവീ ക്ഷേത്രവുമായും ശാർക്കര ദേവീ ക്ഷേത്രവുമായും ബന്ധപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ ക്ഷേത്ര സംബന്ധിയല്ലാത്ത യാതൊരു വിധ രാഷ്ട്രീയ സാമൂഹിക സർക്കാർ പരിപാടികളും സംഘടിപ്പിക്കാൻ പാടില്ലാത്തതാണ്.
അതിനിടെ ആലപ്പുഴയിൽ നവ കേരള സദസിനായി പര്യടനം തുടരുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും കരിങ്കൊടി കാണിച്ച കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ സംഘം തല്ലിച്ചതച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവർക്കാണ് ആലപ്പുഴ ജനറൽ ആശുപത്രി പരിസരത്ത് വച്ച് മർദ്ദനമേറ്റത്.
മറുനാടന് മലയാളി ബ്യൂറോ