സൂറത്ത്: ഭാര്യ രണ്ടുവാരാന്ത്യങ്ങളിൽ മാത്രമാണ് ഭർതൃവീട്ടിൽ എത്തുന്നത് എന്ന് കാട്ടി യുവാവിന്റെ പരാതി. ദിവസവും ഭാര്യ വീട്ടിലെത്തണമെന്നാണ് ഭർത്താവിന്റെ ആവശ്യം. ഭർത്താവ് കുടുംബ കോടതിയിൽ കേസ് കൊടുത്തതിന് എതിരെ ഭാര്യ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഭാര്യ തന്റെ ദാമ്പത്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്നാണ് യുവാവിന്റെ പരാതി.

മറ്റു ദിവസങ്ങളിൽ യുവതി സ്വന്തം മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നതെന്നും ഭാര്യയോട് എല്ലാദിവസവും ഭർതൃവീട്ടിൽ താമസിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് സൂറത്തിലെ കുടുംബ കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ ഒൻപതാം വകുപ്പു പ്രകാരം ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകണമെന്നും യുവാവ് ആവശ്യപ്പെടുന്നു.

ദമ്പതികൾക്ക് മകൻ ജനിച്ച ശേഷം ഭാര്യ ജോലിയുടെ പേരിൽ മാതാപിതാക്കൾക്കൊപ്പം താമസം തുടർന്നു. മാസത്തിൽ, രണ്ടാമത്തെയും, നാലാമത്തെയും വാരാന്ത്യത്തിൽ മാത്രമാണ് തന്നെ ഭാര്യ സന്ദർശിക്കാൻ എത്തുന്നത്. തന്റെ ദാമ്പത്യാവകാശങ്ങൾ നിഷേധിച്ചെന്നും, മകന്റെ ആരോഗ്യം അവഗണിച്ചും ജോലി തുടർന്നെന്നും പരാതിയിൽ പറയുന്നു,

കുടുംബ കോടതിയിലെ ഭർത്താവിന്റെ ഹർജി നിലനിൽക്കില്ലെന്ന് കാട്ടിയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ഭർതൃവീട്ടിൽ, മാസത്തിൽ രണ്ടുതവണ താൻ എത്താറുണ്ടെന്നും, താൻ ഭർത്താവിനെ ഉപേക്ഷിച്ചെന്ന അവകാശവാദം തെറ്റാണെന്നും ഭാര്യ വാദിക്കുന്നു. സെപ്റ്റംബർ 25 ന് കുടുംബകോടതി ഭാര്യയുടെ എതിർഹർജി തള്ളി. വിഷയത്തിൽ പൂർണമായ വിചാരണ ആവശ്യമാണെന്നും വിധിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ ഒമ്പതാം വകുപ്പ് നിഷ്‌കർഷിക്കുന്ന ദാമ്പത്യ അവകാശങ്ങൾ താൻ ഭർത്താവിന് നിഷേധിച്ചിട്ടില്ലെന്നും മാസത്തിൽ രണ്ടുവാരാന്ത്യത്തിൽ ഭർതൃവീട് സന്ദർശിക്കാറുണ്ടെന്നും ഭാര്യ ഹൈക്കോടതിയിൽ വാദിച്ചു. ഭർത്താവിന്റെ മറുവാദം കേൾക്കാൻ കേസ് ജസ്റ്റിസ് വി ഡി നാനാവതി ജനുവരി 25 ലേക്ക് കോടതി മാറ്റിയിരിക്കുകയാണ്.