കൊച്ചി: ഡോ.ഷഹ്നയോട് താൻ സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന ആരോപണം ശരിയല്ലെന്ന് ഡോ.ഇ.എ.റുവൈസ്. യുവതിയുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ല. കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ല. സ്ത്രീധന നിരോധന നിയമം അനുസരിച്ച് തനിക്കെതിരേ ചുമത്തിയ കുറ്റം നിലനിൽക്കില്ലെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ റുവൈസ് വാദിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച വീണ്ടും പരിഗണിക്കും.

പി.ജി. കോഴ്സ് പൂർത്തിയാക്കിയ ശേഷം വിവാഹം നടത്താമെന്നാണ് താൻ പറഞ്ഞത്. എന്നാൽ, ഷഹ്നയ്ക്ക് ഇത് സമ്മതമല്ലായിരുന്നു. ഡോ.വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമായാണ് തന്റെ അറസ്റ്റെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
പൊലീസ് അറസ്റ്റ് ചെയ്തതിനാൽ തന്റെ കക്ഷിയെ കോളേജിൽനിന്ന് പുറത്താക്കിയെന്ന് റുവൈസിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ, മരിച്ച പെൺകുട്ടിയും സമർഥയായിരുന്നുവെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് പി.ഗോപിനാഥ് ഇതിന് മറുപടി നൽകിയത്. ഒരുകാരണവശാലും സ്ത്രീധനം ആവശ്യപ്പെടാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം അഡീ. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഡോ.റുവൈസ് ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി.ജി. വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹ്നയുടെ ആത്മഹത്യയിലാണ് ഡോ. ഇ.എ. റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പി.ജി. വിദ്യാർത്ഥിയായ റുവൈസിനെ കേസിൽ പ്രതിയായതിന് പിന്നാലെ സസ്‌പെൻഡ് ചെയ്തിരുന്നു. പി.ജി. മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇയാളെ നീക്കംചെയ്തു. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ റുവൈസിന്റെ പിതാവും കോൺട്രാക്ടറുമായ റഷീദും പ്രതിയാണ്.

ഡിസംബർ ആറാം തീയതി രാത്രിയാണ് ഷഹ്നയെ മെഡിക്കൽ കോളേജിന് സമീപത്തെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്. രാത്രി ഐ.സി.യു.വിൽ ഡ്യൂട്ടിക്കെത്തേണ്ടിയിരുന്ന ഷഹ്നയെ കാണാത്തതിനാൽ സഹപാഠികൾ ഫ്‌ളാറ്റിൽ അന്വേഷിച്ചെത്തിയപ്പോളാണ് മരിച്ചനിലയിൽ കണ്ടത്. അനസ്‌തേഷ്യയ്ക്കുള്ള മരുന്ന് കുത്തിവച്ചാണ് യുവഡോക്ടർ മരിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. മുറിയിൽനിന്ന് ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.

ഡോ. റുവൈസുമായി ഷഹ്നയുടെ വിവാഹം ആലോചിച്ചിരുന്നതായും ഇവർ ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതായുമാണ് ഷഹ്നയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നത്. ഇത്രയും വലിയ സ്ത്രീധനം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ റുവൈസ് വിവാഹത്തിൽനിന്ന് പിന്മാറി. ഇതേത്തുടർന്ന് ഷഹ്ന കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

150 പവനും 15 ഏക്കറും ബി.എം.ഡബ്ല്യൂ. കാറുമാണ് റുവൈസും കുടുംബവും സ്ത്രീധനമായി ചോദിച്ചതെന്നായിരുന്നു ഷഹ്നയുടെ ബന്ധുക്കളുടെ ആരോപണം. ഷഹ്നയും റുവൈസും അടുപ്പത്തിലായിരുന്നു. തുടർന്ന് റുവൈസാണ് വിവാഹാലോചനയുമായി മുന്നോട്ടുവന്നത്. ഇതിന്റെ ഭാഗമായി ഇരുവീട്ടുകാരും സംസാരിച്ചിരുന്നു. എന്നാൽ, ഇത്രയും വലിയ സ്ത്രീധനം നൽകാനാകില്ലെന്ന് പറഞ്ഞു. അഞ്ചേക്കറും ഒരു കാറും നൽകാമെന്ന് അറിയിച്ചിട്ടും റുവൈസിന്റെ കുടുംബം തയ്യാറായില്ലെന്നും ഉയർന്ന സ്ത്രീധനം തന്നെ വേണമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.