- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡികാർഡ്; അന്വേഷണം സിബിഐക്ക് വിടണമെന്ന് ഹർജി; യൂത്ത് കോൺഗ്രസ് കേന്ദ്ര ഓഫീസിലെ രേഖകൾ പിടിച്ചെടുക്കണമെന്നും ആവശ്യം; ഡിജിപിയോട് വിശദീകരണം തേടി ഹൈക്കോടതി; വീണ്ടും കേസെടുത്ത് മ്യൂസിയം പൊലീസ്
കൊച്ചി: യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡികാർഡ് ഉപയോഗത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇക്കാര്യത്തിൽ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടി. അതേസമയം, ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ ഹൈക്കോടതി മാറ്റി.
വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുന്നത്. മൂവാറ്റുപുഴ സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സിബിഐയ്ക്ക് വിടാൻ നിർദ്ദേശം നൽകണമെന്നാണാവശ്യം.
ഹർജിക്കാരന്റെ പേരിൽ വ്യാജ ഐ.ഡി. കാർഡുപയോഗിച്ച് യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പെടുത്തതായും ഇതിനു പിന്നിലുള്ള കുറ്റക്കാരെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ് സെൻട്രൽ ഓഫീസിലെ രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുന്നത്.
ഏത് അന്വേഷണവും നടക്കട്ടെയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ ഞങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ല. ആർക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നു. കേരളാ പൊലീസിൽ നിന്ന് സാധാരണക്കാർക്ക് നീതി കിട്ടില്ല. ഇങ്ങനെയുള്ള പരാതി നൽകുമ്പോൾ ഡിവൈഎഫ്‌ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാം. ഡിവൈഎഫ്‌ഐക്ക് ഇത്തരത്തിൽ താഴെ തട്ടു മുതൽ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമോയെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
സംഘടനാതലത്തിൽ ഇങ്ങനെയൊരു പരാതി ഉയർന്നതായി അറിയില്ല. പാലക്കാട്ടെ മറ്റ് തെരഞ്ഞെടുപ്പിലും കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന സുരേന്ദ്രന്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും ഇങ്ങനെ സ്വയം പരിഹാസ്യനാകരുതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നു. കെ. സുരേന്ദ്രനെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനാണ് ആരോപണമുന്നയിച്ചത്.
വീണ്ടും കേസെടുത്ത് പൊലീസ്
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതിൽ വീണ്ടും പൊലീസ് കേസെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ പരാതിക്കാരനാക്കി തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് എടുത്തത്. ആറ് മാസമായി സംസ്ഥാനത്ത് വ്യാജ കാർഡ് നിർമ്മാണം നടക്കുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കേസിൽ ആരേയും പ്രതി ചേർത്തിട്ടില്ല.
നേരത്തേ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഡിവൈഎഫ് ഐ കൊടുത്ത കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ (25), ഏഴംകുളം സ്വദേശികളായ അഭിനന്ദ് വിക്രമൻ (29), ബിനിൽ ബിനു, പന്തളം സ്വദേശി വികാസ് കൃഷ്ണ (42) എന്നിവരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പിന്നീട് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ്ടോപ്പ് എന്നിവയിൽ നിന്നും അന്വേഷണ സംഘം 24 വ്യാജ ഐഡി കാർഡുകൾ കണ്ടെത്തിയിരുന്നു. ഫെനി നൈനാൻ, ബിനിൽ ബിനു എന്നിവർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലാകുന്നത്. ഇതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനേയും അന്വേഷണ സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് കാസർകോട് തൃക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജെയ്‌സൺ വ്യാജ ഐഡി കാർഡ് നിർമ്മാണത്തിനായുള്ള ആപ്പ് നിർമ്മിച്ചത് താനാണന്ന് അന്വേഷണ സംഘത്തിന് മുന്നിൽ സമ്മതിച്ചിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് ജെയ്‌സൺ. അഞ്ചാം പ്രതി രഞ്ജു ഒളിവിലാണ്. തിരുവനന്തപുരം ഡിസിപി നിധിൻരാജിനാണ് അന്വേഷണ ചുമതല.
മറുനാടന് മലയാളി ബ്യൂറോ