- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ അഭിഭാഷകൻ; കോടതിയെ പ്രകോപിപ്പിക്കരുതെന്നും പരാതിക്കാരിയെ ഇകഴ്‌ത്തി കാട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം
കൊച്ചി: വിധവ പെൻഷൻ മുടങ്ങിയതിനെ ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. മറിയക്കുട്ടിക്ക് പലരും പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചതോടെയാണ് പരാതിക്കാരിയെ ഇകഴ്‌ത്തി കാട്ടരുതെന്ന് കോടതി ശക്തമായ ഭാഷയിൽ പറഞ്ഞത്.
'കോടതിയെ പ്രകോപിപ്പിക്കരുത്. ഇത്തരം കേസിൽ, പരാതിക്കാരിയെ ഇകഴ്‌ത്തി കാട്ടുന്ന തരത്തിലുള്ള പരാമർശങ്ങൾ സർക്കാർ അഭിഭാഷകന്റെ ഭാഗത്ത് നിന്ന് വരുന്നത് അംഗീകരിക്കാനാകില്ല. അങ്ങനെയൊരു തരത്തിലേക്ക് കാര്യങ്ങൾ പോകുന്നുണ്ടെങ്കിൽ, കോടതിയിൽ വിശദീകരണം നൽകണം', ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ പറഞ്ഞു. സർക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. ഇവരെപ്പോലുള്ള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു.
മറിയക്കുട്ടി നൽകിയ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ വാദിക്കുന്നത് എന്തടിസ്ഥാനത്തിലെന്നും കോടതി ചോദിച്ചു. 4500 രൂപ പരാതിക്കാരിക്ക് നൽകാൻ കഴിയുന്നില്ലെങ്കിൽ, അത് ഈ ക്രിസ്മസ് കാലത്ത് അങ്ങേയറ്റം സങ്കടകരമാണ്. മറ്റുപലർക്കും മറിയക്കുട്ടിയെ സഹായിക്കാനുള്ള സാഹചര്യമുണ്ട്. പക്ഷേ അത് ഉചിതമല്ല. അഭിമാനത്തിന്റെ പ്രശ്‌നമാണ്. അർഹതപ്പെട്ട അവകാശത്തെ കുറിച്ചാണ് മറിയക്കുട്ടി കോടതിയിൽ ചോദിക്കുന്നത്. അത് ലഭിക്കുകയാണ് വേണ്ടത്. മറിച്ച് മറ്റാരുടെയെങ്കിലും സഹായം നൽകുക എന്നത് ശരിയായ രീതിയല്ലെന്നും കോടതി പറഞ്ഞു.
പെൻഷൻ നൽകാൻ ആവശ്യത്തിന് പണമില്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. വിധവാ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.ഹർജി ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരൂവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അല്ലെങ്കിൽ മൂന്നുമാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണം. പണം കൊടുക്കാൻ വയ്യെങ്കിൽ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവ് കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.