ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിർദ്ദേശം നൽകിയത്. മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നൽകിയ ഹർജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടി. പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ഗൺമാന്മാർ മർദ്ദിച്ചതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യുവൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവരാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സെക്യൂരിറ്റി ഓഫീസർ സന്ദീപ് എന്നിവർക്കെതിരെ ഐ.പി.സി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹർജി.

16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ കസ്റ്റഡിയിലെടുത്ത് റോഡരികിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഗൺമാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മർദ്ദിക്കുകയായിരുന്നു. തോമസിന്റെ തലപൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തു.സൗത്ത് പൊലീസിൽ ഇരുവരും പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ റിപ്പോർട്ട് തേടിയപ്പോൾ, ഒഴിവാക്കാനാകാത്ത സാഹചര്യത്തിലായിരുന്നു ലാത്തിയടിയെന്നാണ് സൗത്ത് പൊലീസ് മറുപടി നൽകിയത്.

പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഇവർ കോടതിയേ സമീപിച്ചത്. മുഖ്യമന്ത്രിയുടെ യാത്രയുടെ കോ ഓർഡിനേഷൻ ചുമതല മാത്രമുള്ള ഗൺമാൻ, ക്രസമാധാന പ്രശ്‌നത്തിൽ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതക്ക് ഇടയാക്കിയിരുന്നു. നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവർത്തകരും ചേർന്ന് കൈകാര്യം ചെയ്യുന്നത് നവകേരള സദസ്സിന്റെ തുടക്കം മുതൽ വിവാദമായിരുന്നു. ജീവൻ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചതോടെ, അടിയുടെ പൂരമായിരുന്നു.