തിരുവനന്തപുരം: സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ച സംഭവം ഏറെ വിവാദമായിരുന്നു. ബന്ധു നിയമത്തിന്റെ പരിധിയിൽ വന്ന ഈ വിഷയം കോടതി കയറിയിരുന്നു. കൃത്യമായ യോഗ്യത ഇല്ലാതെയാണ് ജി. ജയരാജിനെ ഈ പദവിയിൽ നിയമിച്ചതെന്ന ആരോപണമാണ് ഉയർന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിഡിറ്റിൽ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച ശേഷം കരാർ അടിസ്ഥാനത്തിൽ ആ പദവിയിൽ തുടരുകയായിരുന്നു. വിരമിച്ച് തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഡയറക്ടറാക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. വിവാദമായ ഈ നിയമനം റദ്ദാക്കുകയാണ് പിന്നീട് ചെയ്തത്. ഇതിന് പിന്നാലെയാണ് രണ്ടാം പിണറായി സർക്കാർ യോഗ്യതകളിൽ മാറ്റം വരുത്തി ജയരാജിനെ നിയമിച്ചത്. ജയരാജിനെ വീണ്ടും ഡയറക്ടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി

.സി-ഡിറ്റ് ഡയറക്ടറുടെ യോഗ്യത പുനർനിർണയിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവും ഇതനുസരിച്ചുള്ള വിജ്ഞാപനവും നിയമനവും ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി റദ്ദാക്കിയത്. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുള്ള നിയമനത്തിനുള്ള യോഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. 2020 ഒക്ടോബർ 28ലെ ഉത്തരവ് ചോദ്യംചെയ്ത് സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എം.ആർ മോഹനചന്ദ്രൻ നൽകിയ ഹർജിയിലാണ് വിധി പ്രസ്താവിച്ചത്.

വിദ്യാഭ്യാസം, സയൻസ്, മാസ് കമ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുൻ ശുപാർശ. ഇതിൽ മാറ്റം വരുത്തിയാണ് സർവീസിൽ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ജയരാജിന്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകൾ മാറ്റിയതെന്നായിരുന്നു ആരോപണം. നോട്ടിഫിക്കേഷൻ റദ്ദാക്കിയതോടെയാണ് ജയരാജിന്റെ നിയമനവും അസാധുവായത്.

ഹൈക്കോടതിയിൽ നിലവിലുള്ള കേസിന്റെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലാകും ഡയറക്ടർ സ്ഥാനത്തു തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്ന ഉപാധിയോടെയാണു മന്ത്രിസഭ കഴിഞ്ഞ വർഷം ജയരാജിനെ നിയമിച്ചത്. ഡയറക്ടറായി നിയമിച്ച സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേസ് ഹൈക്കോടതിയിൽ എത്തിയതോടെ മൂന്നു മാസത്തിനു ശേഷം ഇദ്ദേഹത്തെ പുറത്താക്കി. തുടർന്ന് ഡയറക്ടറെ കണ്ടെത്താൻ വേണ്ടി സെർച്ച് കമ്മിറ്റിയെ നിയോഗിച്ചെങ്കിലും വീണ്ടും അപേക്ഷകനായ ജയരാജ് സ്ഥാനത്തിന് യോഗ്യനെന്ന് സെർച്ച് കമ്മിറ്റി കണ്ടെത്തി. തുടർന്നാണ് ഉപാധികളോടെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ ഡയറക്ടറുടെ യോഗ്യത സംബന്ധിച്ച വ്യവസ്ഥകൾ തയ്യാറാക്കിയത് ജയരാജ് രജിസ്ട്രായിരിക്കെയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. മാസം ഒന്നര ലക്ഷം രൂപയും സർക്കാർ വാഹനവും ലഭിക്കുമെന്നായിരുന്നു വ്യവസ്ഥ.

ഭാര്യ സീമയ്ക്ക് പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ നവകേരള മിഷൻ കോ ഓർഡിനേറ്റർ സ്ഥാനവും 1.66 ലക്ഷവും നൽകിയതിന് പിന്നാലെയാണ് ജയരാജിനെയും തിരുകി കയറ്റിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജയരാജിന്റെ നിയമനത്തിനെതിരെ സിഡിറ്റിലെ ഇടതുപക്ഷ യൂണിയനുകൾ രംഗത്തെത്തിയെങ്കിലും ജയരാജിനെ തൊടാൻ ആദ്യം സർക്കാർ തയ്യാറായില്ല. 'ഹൈക്കോടതി ഉത്തരവ് എതിരായാൽ പോലും മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുമെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും അന്ന താൻ ഈ സ്ഥാനത്തു തന്നെ ഉണ്ടാവുമെന്നുമെന്ന വെല്ലുവിളിയും ജയരാജ് സിഡിറ്റ് ജീവനക്കാരുടെ യോഗത്തിൽ പ്രസംഗിച്ചു. ഇതിന്റെ ശബ്ദ രേഖ പുറത്തായതും സർക്കാരിന് തിരിച്ചടിയായിരുന്നു.

കോടതിയിൽ കേസ് എത്തിയതോടെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാൻ ഹൈക്കോടതി ഒട്ടേറെ തവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറായില്ല. ഒടുവിൽ 2020 മാർച്ച് 26നുള്ളിൽ ഫയൽ പൂർണമായും എത്തിക്കണമെന്ന് ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശം നൽകി. ഈ ഫയൽ ഹൈക്കോടതി പഠിച്ചാൽ സർക്കാരിന് തിരിച്ചടിയാവുന്ന ഉത്തരവുണ്ടായേക്കും എന്ന് രഹസ്യ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ജയരാജിനെ ആദ്യം കൈവിട്ടത്. പിന്നീട് ഉപാധികളോടെ തൽസ്ഥാനത്ത് നിയമിക്കുകയും ചെയ്തു.