ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് റദ്ദാക്കിയ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ പുനപ്പരിശോധനാ ഹർജി നൽകി. ഹർജിയിൽ ഉന്നയിക്കാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിയമനം റദ്ദാക്കിയതെന്നും ഇതു പുനപ്പരിശോധിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ യോഗ്യത സംബന്ധിച്ച് ഒരു എതിരഭിപ്രായവും വിധിയിൽ ഇല്ല. പുനർ നിയമിച്ച രീതിയിലും അപാകതയില്ല. നിയമനത്തിൽ സർക്കാർ ഇടപെട്ടെന്നാണ്, റദ്ദാക്കുന്നതിനു കാരണമായി വിധിയിൽ പറയുന്നത്. നിയമനത്തിനെതിരെ കോടതിയെ സമീപിച്ച ഹർജിക്കാർ പോലും ഉന്നയിക്കാത്ത വാദമാണിതെന്ന്, സ്റ്റാൻഡിങ് കോൺസൽ നൽകിയ പുനപ്പരിശോധനാ ഹർജിയിൽ പറയുന്നു. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ വിധിയാണിതെന്നു ചൂണ്ടിക്കാട്ടിയ സർക്കാർ പുനപ്പരിശോധനാ ഹർജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒരു വിസിയെ പുനർ നിയമിക്കുന്നതിൽ തെറ്റില്ലെന്ന് വിധിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ നിയമിച്ച ഒരാളെ വീണ്ടും നിയമിക്കുമ്പോൾ 60 വയസ് എന്ന പ്രായപരിധി ഘടകമല്ലെന്നും കോടതി വ്യക്തമാക്കി.

ഡോ. ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർ നിയമിക്കാൻ യോഗ്യതയുണ്ടോ എന്നത് കോടതി പരിശോധിച്ചില്ല. അത് സെലക്ഷൻ കമ്മിറ്റിയാണ് പരിശോധിക്കേണ്ടത്. അതേസമയം നിയമന രീതി ചട്ടവിരുദ്ധമാണ്. ഗവർണർ ചാൻസലർ എന്ന നിലയിൽ സമ്മർദ്ദമില്ലാതെ സ്വതന്ത്രമായാണ് നിയമനം നടത്തേണ്ടതെന്നു കോടതി പറഞ്ഞു. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.