- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്ക് 21 വയസിന് ശേഷവും സംരക്ഷണം വേണം
ന്യൂഡൽഹി: ഭിന്നശേഷിക്കാരോ, മാറാരോഗികളോ ആയ കുട്ടികളെ പൊന്നുപോലെ നോക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാൽ, ചില കുട്ടികളെ നോക്കാനോ സംരക്ഷിക്കാനോ ആരുമുണ്ടാവില്ല. അവരുടെ സംരക്ഷണം ഭാവിയിൽ ഒരുവെല്ലുവിളിയായി മാറാം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് 18 വയസ് തികഞ്ഞ ശേഷം ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം സംരക്ഷണത്തിന് മാർഗ്ഗനിർദ്ദേശം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. 18 വയസിന് ശേഷം നിയമപ്രകാരം സംരക്ഷണം കിട്ടാത്തതിനാൽ ഇത്തരം കുട്ടികൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു എന്ന് ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. കേസ് നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. പിടിഐയുടെ മുൻവിദേശകാര്യ ലേഖകനും, നിലവിൽ ഡി എസ് ജെ പി( ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി) അദ്ധ്യക്ഷൻ കെ എസ് ആർ മേനോൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. നിലവിലെ നിയമം അനുസരിച്ച് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് 21 വയസു വരെ കുട്ടികൾ എന്ന പദവി നൽകാറുണ്ട്. എന്നാൽ ഇതിന് ശേഷം ഇവരുടെ സംരക്ഷണത്തിനടക്കം സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മാതാപിതാക്കളുണ്ടെന്നും അതിനാൽ ഇവരുടെ ക്ഷേമം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ അഭീർ പുക്കാൻ, അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ ഹാജരായി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലുള്ളത്.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് 18 വയസ് തികയുമ്പോൾ അവരുടെ സംരക്ഷണ കാര്യത്തിൽ ആശങ്കയുണ്ടെന്ന് അഡ്വ.അഭീർ പുക്കാൻ കോടതിയെ ബോധിപ്പിച്ചു. ആരും നോക്കാനില്ലാത്ത മാനസികമോ ശാരീരികമോ ആയ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, ഗുരുതരമോ, മാറാരോഗമുള്ളതോ ആയ കുട്ടികൾ എന്നിരുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് പൊതുതാൽപര്യ ഹർജിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം, ചീഫ് കമ്മീഷണർ, സാമൂഹിക നീതി-ശാക്തീകരണ വകുപ്പിലെ ഭിന്നശേഷി വിഭാഗം എന്നിവരുടെ പ്രതികരണമാണ് കോടതി ആരാഞ്ഞത്. ഇത്തരത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന, സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെ ഡാറ്റാബേസ് പരിപാലിക്കാൻ മാർഗ്ഗനിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഭരണഘടന അനുശാസിക്കും വിധം അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിൽ പുനരധിവാസവും സാമ്പത്തിക പിന്തുണയോടെ, സാമുഹിക പുനരേകീകരണവും നടത്തണമെന്നും ആവശ്യമുയർത്തുന്നുണ്ട്.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളെയും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. 2011 ലെ സെൻസസ് പ്രകാരം ഭിന്നശേഷിക്കാരായ കുട്ടികളുടെ ജനസംഖ്യ ഇന്ത്യയിൽ 2.68 കോടിയാണ്. ശതമാനക്കണക്കിൽ അത് 2.21 % ആണ്. 2001 ൽ ഭിന്ന ശേഷിക്കാരുടെ ജനസംഖ്യ 2.19 കോടിയായിരുന്നെങ്കിൽ 10 വർഷത്തിനകം അത് 2.68 കോടിയായി ഉയർന്നു. 1.49 കോടി പുരുഷന്മാരും, 1.18 കോടി സ്ത്രീകളും ഭിന്നശേഷിക്കാരാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ഒരേയൊരു ആഫ്റ്റർ കെയർ ഹോം ബെംഗളൂരുവിലാണ്. ഭരണഘടനയുടെ 21 ാംവകുപ്പ് പ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഭിന്നശേഷിക്കാർക്കുണ്ടെന്നും ഹർജിയിൽ ഓർമ്മപ്പെടുത്തുന്നു.