- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയ വർഗ്ഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമല്ല; യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ല; സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി കണ്ണൂർ സർവകലാശാല
ന്യൂഡൽഹി: പ്രിയ വർഗ്ഗീസിന്റെ നിയമനത്തിൽ യുജിസി വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ. പ്രിയയുടെ നിയമനം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായല്ലെന്ന് സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിലാണ് സർവകലാശാല നിലപാട് അറിയിച്ചത്.
അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സർവകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തിൽ പറയുന്നത്. പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു വേണ്ട അദ്ധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു.
കണ്ണൂർ സർവകലാശാല ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ കീഴിൽ ഗവേഷണം ചെയ്ത കാലം, ഡപ്യൂട്ടേഷനിൽ സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടറും എൻഎസ്എസ് കോ ഓർഡിനേറ്ററും ആയിരുന്ന കാലം, കണ്ണൂർ സർവകലാശാലയിലെ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ലക്ചറർ ആയിരുന്ന, നെറ്റ് യോഗ്യത നേടിയതിനു ശേഷമുള്ള 2002 ജൂൺ 5 2003 ഫെബ്രുവരി 28 കാലം എന്നിവ അദ്ധ്യാപനമായി പരിഗണിക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നാണ് പ്രധാന വാദം. തിങ്കളാഴ്‌ച്ചയാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക.
മറുനാടന് മലയാളി ബ്യൂറോ