തിരുവനന്തപുരം : തലസ്ഥാനത്തെ സി പി എം പ്രവർത്തകനായിരുന്ന ആറ്റിപ്ര വില്ലേജിൽ മൺവിള കുന്നിൽ വീട്ടിൽ താമസിക്കുന്ന നാല്പത്തി മൂന്ന് വയസ്സുകാരനായ മുരളീധരൻ നായരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സൗദിഅറേബ്യയിലേക്ക കടന്നയാളെ കോടതി വെറുതെ വിട്ടു. ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് ഹാജരാക്കി വിചാരണ നേരിട്ട മൂന്നാം പ്രതിയായ പുല്ലുകാട് കല്ലിടാഞ്ചിചരുവിള വീട്ടിൽ രാമചന്ദ്രൻ മകൻ ബൗഡൻ സുധീഷ് എന്ന് വിളിക്കുന്ന സുധീഷിനെ കുറ്റക്കാരനല്ലന്നു കണ്ടാണ് തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് ജഡ്ജ് കെ വിഷ്ണു വെറുതെ വിട്ടത്.

30 .11 .2006 -ൽ ഒന്ന് മുതൽ നാലു വരെ പ്രതികൾ മൺവിള കട്ടേല റോഡിൽ വച്ച് മുരളീധരൻ നായരെ വെട്ടി കൊലപ്പെടുത്തിയെന്നും, ഒന്ന് മുതൽ നാലു വരെ പ്രതികൾ മൺവിള ഭാഗത്തുള്ള കടകളിൽ കയറി ഗുണ്ടാപിരിവും അക്രമവും നടത്തുന്നത് പൊലീസിൽ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചതിലുള്ള വിരോധം കൊണ്ടാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രോസ്‌ക്യൂഷൻ കേസ്.

പ്രതി വിദേശത്തേക്ക് കടന്നു എന്നും പൊലീസ് പ്രതിയെ സഹായിക്കുകയാണെന്നും പറഞ്ഞു സി പി എം പ്രവർത്തകർ പൊലീസിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ ആഭ്യന്തരവകുപ്പ് പ്രതേക ഉത്തരവ് ഇറക്കിയാണ് അസ്സിസ്റ്റന്റ് കമ്മീഷണർ ഡി. കെ പൃഥിവിരാജ് ഉൾപ്പടെ ഉള്ളവർ സൗദിയിൽ പോയി പ്രതിയെ അറസ്റ്റ്‌ചെയ്തു കോടതിയിൽ ഹാജരാക്കിയത്.

ലഹരിമരുന്നു സംഘത്തിന്റെ പ്രവർത്തനം തടയാൻ ശ്രമിച്ചതിനാണ് തുമ്പയിൽ മുരളി കൊല ചെയ്യപ്പെട്ടത്. കേസിലെ മൂന്നാം പ്രതിയായ സുധീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേരള പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. റിയാദിൽ സുധീഷ് ഡ്രൈവറായി ജോലി ചെയ്യുന്ന വിവരം സൗദി പൊലീസ് വഴി ഇന്റർപോൾ ശേഖരിക്കുകയും കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു. വിദേശകാര്യവകുപ്പിന്റെ അനുമതിയോടെയാണ് കേരള പൊലീസ് സൗദിയിലേക്ക് പോയത്.

സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദ്ദേശാനുസരണം എസിപി ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ തുമ്പ സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, സൈബർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് റിയാദിലെത്തി സുധീഷിനെ കഴിഞ്ഞ നവംബർ 18ന് കസ്റ്റഡിയിലെടുത്തത്.

മുരളി വധക്കേസിലെ ഒന്നാം പ്രതി രാജേന്ദ്രബാബുവും രണ്ടാം പ്രതി ഷൈനുവും വിചാരണയ്ക്കു ഹാജരാകാതെ ഒളിവിലാണ്. മദ്യവും ലഹരിമരുന്നും വിൽപന നടത്തിയ പ്രതികളെ തടയാൻ ശ്രമിച്ചതിനാണ് മുരളിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം.

ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ചെലവാക്കിയാണ് പ്രതിയെ സൗദിയിൽ പോയി അറസ്റ്റ് ചെയ്തത്. പ്രതിക്കു വേണ്ടി അഭിഭാഷകരായ കുളത്തൂർ എൽ ആർ രാഹുൽ, വെള്ളറട രതിൻ എന്നിവർ ഹാജരായി.