- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
8 സെനറ്റ് അംഗങ്ങൾക്ക് തുടർന്നും പൊലീസ് സംരക്ഷണം നൽകണം
കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത 8 സെനറ്റ് അംഗങ്ങൾക്ക് തുടർന്നും പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. സെനറ്റ് അംഗങ്ങളായി പ്രവർത്തിക്കുന്നതിനു തടസ്സമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിലേക്കുള്ള 8 ബിജെപി അംഗങ്ങളുടെ പ്രവേശനം എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ മാസം തടഞ്ഞിരുന്നു. പത്മശ്രീ ജേതാവ് ബാലൻ പൂതേരി അടക്കമുള്ള സെനറ്റ് അംഗങ്ങൾ തുടർന്ന് ഏറെ നേരം പുറത്തു നിന്ന ശേഷം വിസി ഡോ. എം.കെ ജയരാജിനെ കണ്ട് പരാതി അറിയിച്ച് മടങ്ങുകയായിരുന്നു.
സെനറ്റ് അംഗങ്ങളായി ഗവർണർ സ്വന്തംനിലക്ക് നാമനിർദ്ദേശംചെയ്ത ബാലൻ പൂതേരി, സി. മനോജ്, പി.എം. അശ്വിൻരാജ്, എ.വി. ഹരീഷ്, അഫ്സൽ സഹീർ, സി. സ്നേഹ, എ.ആർ. പ്രവീൺ കുമാർ, എ.കെ. അനുരാജ് എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്ത 18 പേരിൽ ബിജെപിക്കാർ ഒഴികെയുള്ളവരെ എസ്എഫ്ഐ തടഞ്ഞില്ല. യുഡിഎഫ്, എൽഡിഎഫ് അംഗങ്ങളെയും കക്ഷിരഹിതരെയും എസ്എഫ്ഐക്കാർ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിച്ചു. ഡിസംബർ 21ന് രാവിലെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ തങ്ങളെ സെനറ്റ് ഹൗസിനുമുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞെന്നും കൈയേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് ഹരജി നൽകിയിരിക്കുന്നത്.