- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയെ കൊലപ്പെടുത്തിയ കേസിൽ എസ്ഐക്ക് ജീവപര്യന്തം
തേനി: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ എസ്ഐക്ക് ജീവപര്യന്തം. കമ്പം ട്രാഫിക് സ്പെഷൽ എസ്‌ഐയായിരുന്ന ജയകുമാറി(55) നെയാണ് തേനി ജില്ലാ വനിതാ കോടതി ശിക്ഷിച്ചത്. ജയകുമാർ കമ്പം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ എസ്‌ഐയായി ജോലി ചെയ്തു വരവേയാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന കൊല്ലപ്പെട്ട കമ്പംമെട്ട് കോളനി സ്വദേശിനി അമുദയുമായി അടുപ്പത്തിലായി. പിന്നീട് ജയകുമാർ ഇവരുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു.ഇതിനിടയിൽ അമുദയും ജയകുമാറും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു.
കഴിഞ്ഞ മാർച്ച് രണ്ടിനാണ് അമുദയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് അമുദയുടെ മകൾ കമ്പം നോർത്ത് പൊലീസിന് പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൃത്യം നടന്ന ദിവസം ജയകുമാർ കമ്പംമെട്ട് കോളനിയിലെ വീട്ടിൽ എത്തിയിരുന്നുവെന്നും അമുദയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതായും കണ്ടെത്തി. ഇരുവരും തമ്മിൽ തർക്കം പതിവായതിനാൽ അയൽവാസികൾ എത്തിയതുമില്ല.
സംഭവത്തിന് ശേഷം ജയകുമാർ വീടിന്റെ കതക് ചാരിയിട്ട് ബൈക്കിൽ കമ്പം ഭാഗത്തേക്ക് പോകുന്നത് കണ്ടതായി സാക്ഷിമൊഴികളുമുണ്ടായിരുന്നു. അമുദയുടെ മരണ കാരണം മർദ്ദനമേറ്റുണ്ടായ പരുക്കുകൾ മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.