തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ വാദവുമായി പ്രോസിക്യൂഷൻ കോടതിയിൽ. പൊലീസിനെ രാഹുൽ ആക്രമിച്ചുവെന്നും, കസ്റ്റഡിയിൽ ആവശ്യം ഉണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പൊലീസാണ് രാഹുലിനെ ആക്രമിച്ചതെന്നായിരുന്നു അഭിഭാഷകന്റെ എതിർവാദം. സെക്രട്ടറേറിയറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ചുവെന്ന കേസിലാണ് വാദം പൂർത്തിയായത്.

നേരത്തെ, സർക്കാരിനെതിരായ സമരത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനു 2 കേസുകളിൽ ജാമ്യം കിട്ടിയിരുന്നു. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഒരേ സംഭവത്തിൽ എടുത്ത 3 കേസിൽ രണ്ടിലാണ് കഴിഞ്ഞ ദിവസം ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ജാമ്യം നൽകിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ പ്രതിയായ മൂന്നാമത്തെ കേസിലെ ജാമ്യ ഹർജിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചത്.

ഇതിനു പുറമേ ഡിജിപി ഓഫിസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടു രാഹുലിനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഇന്നലെ പ്രൊഡക്ഷൻ വാറന്റ് ഹർജി മ്യൂസിയം പൊലീസ് നൽകി. അതും ഇന്നു പരിഗണിക്കും. തിരുവനന്തപുരം ഡിസിസി ഓഫിസ് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ രാഹുലിനെ പ്രതിയാക്കിയിട്ടില്ല. എന്നാൽ പിങ്ക് പൊലീസുകാരുടെ കയ്യിൽ നിന്നു പരാതി വാങ്ങി പ്രതിയാക്കാനാണ് ഉന്നതരുടെ നിർദ്ദേശം. രാഹുൽ ജയിൽ മോചിതനാകണമെങ്കിൽ റിമാൻഡിലായത് ഉൾപ്പെടെ 2 കേസുകളിൽ ജാമ്യം ലഭിക്കണം.

ഡിസംബർ 20നു നടന്ന സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിലെ പ്രധാന കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുകയാണു രാഹുൽ. ഈ മാർച്ചിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞതിനും 2 പൊലീസ് വാഹനങ്ങൾ തകർത്തതിനും വെവ്വേറെ കേസെടുത്തതാണ് ഒരേ സംഭവത്തിൽ 3 കേസാകാൻ കാരണം.

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ അടൂരിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രാഹുലിനെ പരമാവധി ദിവസം ജയിലിൽ കിടത്താനാണ് ഉന്നത ഉദ്യോഗസ്ഥൻ നൽകിയിരിക്കുന്ന നിർദ്ദേശം. രാഹുലിന്റെ അറസ്റ്റിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ല കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.