- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാശമായി പെരുമാറിയ ആലത്തൂർ എസ്ഐയെ സ്ഥലംമാറ്റിയെന്ന് ഡിജിപി
കൊച്ചി: ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോടു മോശമായി പെരുമാറിയ എസ്ഐ വി.ആർ. റിനീഷിനെ സ്ഥലം മാറ്റിയതായി ഡിജിപി ഹൈക്കോടതിയിൽ. സംഭവത്തിൽ ഉദ്യോഗസ്ഥനു മുന്നറിയിപ്പ് നൽകിയതായി അറിയിച്ച ഡിജിപി, എസ്ഐ കുറ്റക്കാരനാണെങ്കിൽ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.
കോടതി നിർദേശിച്ചതിനെ തുടർന്ന് ഓൺലൈനായി ഹാജരായാണ് ഡിജിപി വിശദീകരണം നൽകിയത്. അതേസമയം, പൊലീസിനെ വിമർശിച്ച ഹൈക്കോടതി എസ്ഐയുടെ നടപടി ശരിയാണെന്നു തോന്നുന്നുണ്ടോയെന്ന് ഡിജിപിയോട് ആരാഞ്ഞു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നായിരുന്നു ഡിജിപിയുടെ വിശദീകരണം.
ആരെയും ചെറുതായി കാണരുത്. ഒരു അഭിഭാഷകനായതുകൊണ്ടാണ് അദ്ദേഹത്തിന് പൊലീസിനെതിരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞത്. ഒരുസാധാരണക്കാരനാണെങ്കിൽ എന്താകുമായിരുന്നു?. ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജനങ്ങൾക്കാണ് പരമാധികാരം എന്നകാര്യം മറക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. നന്നായി പെരുമാറാൻ പൊലീസിനെ പരിശീലിപ്പിക്കണമെന്നു കോടതി വ്യക്തമാക്കി.
പൊതുജനങ്ങളോടുള്ള പെരുമാറ്റം സംബന്ധിച്ച് പൊലീസിന് കർശന പരിശീലനം നൽകണമെന്നും കോടതി നിർദേശിച്ചു. എസ്ഐ റിനീഷിനെതിരെ സമാനമായ വേറെയും പരാതികൾ ഉണ്ടെന്ന് പരാതിക്കാരനായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലും എസ്ഐ വി.ആർ. റിനീഷും തമ്മിലാണ് സ്റ്റേഷനിൽ വച്ച് വാക്കുതർക്കമുണ്ടായത്. ഇരുവരും പരസ്പരം വാക്കേറ്റത്തിലേർപ്പെടുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. വിഷയത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.