കൊച്ചി: ട്വന്റി 20 യുടെ മഹാസമ്മേളനം തടസ്സമില്ലാതെ നടത്താം. പൊലീസ് അനുമതി നിഷേധിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. ട്വന്റി 20 യുടെ നേതൃത്വത്തിൽ പൂത്തൃക്ക പഞ്ചായത്തിന്റെ മഹാ സമ്മേളനം ജനുവരി 21 ഞായറാഴ്ച വൈകിട്ട് 5.30 മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തുന്നതിനാണ് അനുമതി നിഷേധിച്ചിരുന്നത്.

കോലഞ്ചേരിയിൽ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിനു മുന്നോടിയായി മൈക്കിന് അനുവാദം നൽകുകയും പിന്നീട് അത് പിൻവലിക്കുകയുമാണ് ഉണ്ടായത്. പ്രോഗ്രാമിന് പൊലീസ് അനുമതി ലഭിച്ച ഈ കോളേജ് ഗ്രൗണ്ടിൽ ഏകദേശം മധ്യത്തിൽ അയി പുറമ്പോക്ക് ഭൂമി ഉണ്ട്. അതിൽ മൈക്ക് സാങ്ഷന് റെവന്യൂ ഡിപ്പാർട്‌മെന്റിന്റെ അനുമതി വേണം എന്ന ഡിവൈഎസ്‌പി ഓഫീസ് നിർദ്ദേശത്തെ തുടർന്ന് സ്റ്റേജ് പൊളിച്ചു ഗ്രൗണ്ടിന്റെ ഒരു മൂലയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷവും സമ്മേളനത്തിന് അനുമതി നിഷേധിക്കുകയാണുണ്ടായത്.

ഇതേത്തുടർന്നാണ് ട്വന്റി 20 കോടതിയെ സമീപിച്ച് അനുമതി നേടിയെടുത്തത്. മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസും സംഘടിപ്പിച്ചത് ഇതേ വേദിയിലായിരുന്നു. മഹാസമ്മേളനത്തിനു യാതൊരുതരത്തിലുമുള്ള തടസങ്ങളോ ഉപദ്രവങ്ങളോ ഉണ്ടാക്കരുതെന്നു സ്ഥലം എസ്‌പിക്കും, ഡിവൈഎസ്‌പി യ്ക്കും, സർക്കിൾ ഇൻസ്‌പെക്ടർക്കും, സബ് ഇൻസ്‌പെക്ടർക്കും കോടതി നിർദ്ദേശം
നൽകി.

പുറമ്പോക്ക് വിവാദത്തിന്റെ പേരിൽ ട്വന്റി 20യുടെ മഹാസമ്മേളനം ഒരു വിധത്തിലും ആ ഗ്രൗണ്ടിൽ നടത്തിക്കില്ല എന്ന വാശിയിലാണ് കുന്നത്തുനാട് എംഎൽഎയും കൂട്ടരും എന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു.