- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ അയോധ്യ തൽസമയ സംപ്രേഷണം വിലക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങി തൽസമയം സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതി നിഷേധിക്കരുതെന്ന് തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നിർഗ്ഗേശം നൽകി. പൊതുതാൽപര്യ ഹർജിയിലാണ് കോടതി നിർദ്ദേശം. തൽസമയ സംപ്രേഷണത്തിനുള്ള എൽഇഡി സ്ക്രീനുകൾ പിടിച്ചെടുത്ത നടപടിയാണ് തടഞ്ഞത്. എൽഇഡി സ്ക്രീനോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. അനുമതി തേടിയാൽ നിയമപരമായി അനുമതി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
ന്യൂനപക്ഷങ്ങൾ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തൽസമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്ക്രീനുകൾ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തമിഴ്നാട് പൊലീസിന്റെ നടപടിക്കെതിരെ സംസ്ഥാന ബിജെപിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് എല്ലാവിധ പൂജകളും അർച്ചനയും അന്നദാനവും ഭജനകൾ നടത്തുന്നതും തമിഴ്നാട് സർക്കാർ നിരോധിച്ചതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹർജി.
ഡിഎംകെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ, അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷേത്രങ്ങളിലെ തൽസമയ സംപ്രേഷണം നിരോധിച്ചിരിക്കുകയാണെന്നും ഹർജിയിലുണ്ട്. അഭിഭാഷകനായ ജി.ബാലാജി വഴിയാണ് ബിജെപി ഹർജി ഫയൽ ചെയ്തത്. കോടതിയുടെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ അത് ക്രമസമാധാന പ്രശ്നങ്ങൾക്കും ഭരണഘടനാ സ്ഥാപനങ്ങളുടെ പരാജയത്തിനും കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സുപ്രീം കോടതി അടിയന്തരമായി ഹർജി പരിഗണിക്കുകയായിരുന്നു.
പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കാനിരിക്കെ പ്രത്യേക പൂജകളെ ചൊല്ലി തമിഴ്നാട്ടിൽ സർക്കാർ-ബിജെപി പോര് തുടരുകയാണ്. തമിഴ്നാട്ടിലെ ദേവസ്വം ക്ഷേത്രങ്ങളിൽ പൂജയ്ക്കും അന്നദാനത്തിനും വിലക്കെന്ന് ബിജെപി ആരോപിച്ചു. ഇതുസംബന്ധിച്ച് ദേവസ്വം വകുപ്പ് ജീവനക്കാരന്റെ സംഭാഷണം എന്ന പേരിൽ ശബ്ദരേഖയും ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ പുറത്തുവിട്ടു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം ആരോപണം തള്ളികൊണ്ട് അന്നദാനത്തിന്റെ രസീതുകൾ അടക്കം പുറത്തുവിട്ടു. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന്റെ പേരിൽ അന്നദാനം നടക്കുന്നുണ്ടെന്നും സർക്കാർ അവകാശപ്പെട്ടു.