വാഷിങ്ടൻ: മൂന്നു മണിക്കൂറിൽ താഴെ മാത്രമേ ജൂറിക്ക് സമയം വേണ്ടി വന്നുള്ളു. ഏഴുപുരുഷന്മാരും, രണ്ടുവനിതകളും അടങ്ങുന്ന ജൂറിക്ക് മുൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് എതിരെ വിധി പറയാൻ. മാധ്യമ പ്രവർത്തകയായ ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ ട്രംപ് 83 മില്യൻ ഡോളർ (ഏകദേശം 689 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് വിധി.

ജീൻ കാരൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. 10 ദശലക്ഷം ഡോളറാണ് കാരൾ ആവശ്യപ്പെട്ടിരുന്നത്. വിധി രും മുൻപേ ട്രംപ് കോടതിയിൽനിന്ന് ഇറങ്ങിപ്പോയി. വിധിയെ പരിഹസിച്ച ട്രംപ് അപ്പീൽ പോകുമെന്നും അറിയിച്ചു.

2019 നവംബറിലാണ് കാരൾ(80) ട്രംപിന് എതിരെ കേസ് കൊടുത്തത്. 1990 കളുടെ മധ്യത്തിൽ, മാൻഹാട്ടനിലെ ബർഗ്‌ഡോർഫ് ഗുഡ്മാൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് തന്നെ ട്രംപ്( 77) ബലാത്സംഗം ചെയ്‌തെന്നായിരുന്നു കാരളിന്റെ ആരോപണം. എല്ലാം നിഷേധിച്ച ട്രംപ് അവർ തന്റെ 'തരക്കാരി' അല്ലെന്നും കുടുക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചിരുന്നു. കാരളിന്റെ പരാതി വ്യാജമാണെന്നും ട്രംപ് പറഞ്ഞിരുന്നു. കാരളിനെ കണ്ടിട്ടില്ലെന്നും പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള ജീൻ കാരളിന്റെ തന്ത്രമാണ് ഇതെന്നും ആരോപിക്കുകയുണ്ടായി.

23 വർഷം മുൻപു തന്നെ പീഡിപ്പിച്ചെന്നാണ് ഫാഷൻ മാസികയിൽ എഴുത്തുകാരിയായ ജീൻ കാരൾ 2019ൽ ആരോപണം ഉന്നയിച്ചത്. തന്റെ പുസ്തകത്തിലാണ് ജീൻ ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. "95ലോ 96ലോ ആയിരുന്നു സംഭവം. മാൻഹാറ്റനിലെ ഡിപ്പാർട്‌മെന്റ് സ്റ്റോറിൽ ഷോപ്പിങ് നടത്തുമ്പോഴാണു ട്രംപിനെ കണ്ടത്. അന്ന് ട്രംപ് റിയൽ എസ്റ്റേറ്റ് വ്യവസായ പ്രമുഖനാണ്. സൗഹൃദഭാവത്തിലായിരുന്നു തുടക്കം. പിന്നീടു ഡ്രസ്സിങ് റൂം വാതിൽ അടച്ച് അയാൾ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. വീട്ടിൽ നിന്നു പുറത്താക്കുമെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും ഭയപ്പെട്ടതിനാൽ പൊലീസിൽ പരാതിപ്പെട്ടില്ല."എന്നാണ് കാരൾ പറഞ്ഞത്.

പ്രശസ്തിക്ക് വേണ്ടിയാണ് കാരൾ ആരോപണം ഉന്നയിക്കുന്നതെന്ന ട്രംപിന്റെ അഭിഭാഷകരുടെ വാദം വിലപ്പോയില്ല. മറ്റൊരു ജൂറീി ട്രംപ് കാരളിന് 50 ലക്ഷം ഡോളർ നഷ്ടരപരിഹാരം നൽകണമെന്ന് ഉത്തരവിട്ടിരുന്നു.