- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി അൻവറിന്റെ പാർക്കിന് പഞ്ചായത്ത് ലൈസൻസ് ഉണ്ടോ?
കൊച്ചി: പി വി അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാറിന് നിർദ്ദേശം. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്. പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോ എന്നാണ് അറിയിക്കേണ്ടത്.
കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് നടപടി. കളക്ടർ അടച്ച് പൂട്ടിയ പാർക്ക് സർക്കാരാണ് തുറന്ന് കൊടുത്തത്. മൂന്നു ദിവസത്തിനു ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.
കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്‌മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമ്മിച്ചതെന്നായിരുന്നു പരാതി. പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകി സർക്കാർ ഓഗസ്റ്റിൽ ഉത്തരവിറക്കിയതെന്നും പരാതി ഉയർന്നിരുന്നു.
പാർക്ക് തുറക്കണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്ന്, പാർക്കിനെക്കുറിച്ച് പഠിക്കാൻ ദുരന്ത നിവാരണ അഥോറിറ്റിയെ സർക്കാർ ചുമതലപ്പെടുത്തി. ദുരന്തനിവാരണ അഥോറിറ്റി സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു കുട്ടികളുടെ പാർക്ക് തുറക്കാൻ അനുമതി നൽകിയത്.
പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്ക് 2018 ജൂണിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് അടച്ചുപൂട്ടിയത്. അന്നത്തെ കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ, ജില്ല ദുരന്തനിവാരണ അഥോറിറ്റിക്ക് നൽകിയ വിശദ റിപ്പോർട്ടാണ് വാട്ടർ തീം പാർക്കിന്റെ അടച്ചുപൂട്ടലിലേക്ക് നയിച്ചത്. പാർക്കുമായി ബന്ധപ്പെട്ടവർ മറച്ചുവെച്ച മണ്ണിടിച്ചിലും ഉരുൾപൊട്ടലും വില്ലേജ് ഓഫിസറുടെ സ്ഥല സന്ദർശനത്തോടെയാണ് പുറംലോകമറിഞ്ഞത്. വാട്ടർ തീം പാർക്കിന്റെ ഭാഗമായ കുട്ടികളുടെ പാർക്ക് തുറക്കാനാണ് അനുമതി ലഭിച്ചത്.
സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിലുള്ള കക്കാടംപൊയിൽ ജില്ലയിലെ ദുരന്തസാധ്യത മേഖലയിലൊന്നാണ്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി തയാറാക്കിയ ദുരന്തസാധ്യത പ്രദേശങ്ങളിൽ കക്കാടംപൊയിലും ഉൾപ്പെടുന്നുണ്ട്. ചെങ്കുത്തായ മലനിരകളുള്ള കക്കാടംപൊയിൽ മഴക്കാലത്ത് ദുരന്ത ഭീതിയിലാകാറുണ്ട്.