- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് വിനോദയാത്ര റദ്ദായതിന് നഷ്ടപരിഹാരം
കൊച്ചി : കോവിഡ് കാലത്തെ യാത്ര വിലക്ക് മൂലം ടൂർ മുടങ്ങിയ സംഭവത്തിൽ അഡ്വാൻസ് തുകയും നഷ്ടപരിഹാരവും ടൂർ ഓപ്പറേറ്റർ ഉപഭോക്താവിനു നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.
2020 ഫെബ്രുവരി 5നാണ് പെരുമ്പാവൂർ സ്വദേശിയായ ജേക്കബ് ഉമ്മനും ഭാര്യയും സോമാസ് ലിഷർ ടൂർസ് ഇന്ത്യ എന്ന സ്ഥാപനം മുഖേന 2020 മെയ് 25 ന് നിശ്ചയിച്ച റഷ്യൻ ടൂറിന് ടിക്കറ്റ് ബുക്ക് ചെയ്തത് . ഇരുവരും അമ്പതിനായിരം രൂപ ടൂർ ഏജൻസിക്ക് അഡ്വാൻസും നൽകി. എന്നാൽ കോവിഡ് മൂലം രാജ്യാന്തരതലത്തിൽ യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ വിനോദ യാത്ര റദ്ദാക്കി.
ഈ സാഹചര്യത്തിൽ തങ്ങൾ നൽകിയ അഡ്വാൻസ് തുക തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എതിർകക്ഷിയെ സമീപിച്ചു .എന്നാൽ ഈ വർഷം തന്നെ നടക്കുന്ന മറ്റൊരു വിനോദയാത്രയിൽ ഇവർക്ക് പങ്കെടുക്കാമെന്നും അഡ്വാൻസ് തുക തിരിച്ചു നൽകാൻ നിർവാഹമില്ല എന്ന നിലപാടാണ് എതിർ കക്ഷി സ്വീകരിച്ചത്. തുടർന്നാണ് അഡ്വാൻസ് തുകയും നഷ്ടപരിഹാരവും എതിർകക്ഷിയിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
'വലിയ തുക കൊടുത്താണ് ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്തതെന്നും ആ തുക തങ്ങൾക്ക് തിരിച്ചു ലഭിക്കുന്നതല്ലെന്നും യാത്ര വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അഡ്വാൻസ് തുക തിരിച്ച് നൽകാത്തതെന്നും എതിർകക്ഷി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു . എന്നാൽ ഈ വസ്തുത തെളിയിക്കാൻ യാതൊരു രേഖകളും എതിർകക്ഷി കമ്മീഷനുമുമ്പാകെ ഹാജരാക്കിയിട്ടില്ല എന്ന് വ്യക്തമാക്കി പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ, പ്രസിഡണ്ട് ഡി.ബി. ബിനു,വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ ചേർന്ന എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു .
എതിർകക്ഷിയുടെ സേവനത്തിലെ ന്യൂനത പരിഗണിച്ചുകൊണ്ട് അഡ്വാൻസ് തുകയായി ഈടാക്കിയ 50000/ രൂപ തിരിച്ചു നൽകാനും, നഷ്ടപരിഹാരവും കോടതി ചെലവും ആയി 15000/ രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ കോടതി നിർദേശിച്ചു.
പരാതിക്കാർക്കു വേണ്ടി അഡ്വ. നജ്മൽ ഹുസൈൻ ഹാജരായി.