- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കെട്ടിടനിർമ്മാണത്തിന് ഒത്താശ ചെയ്ത നഗരസഭ ജീവനക്കാർക്ക് പണി കിട്ടി
കൊച്ചി: കെട്ടിടം അറ്റകുറ്റപ്പണിക്കുള്ള അനുമതിയുടെ പേരിൽ ബഹുനില ഹോട്ടൽ കെട്ടിട സമുച്ചയം നിർമ്മിച്ച കേസിൽ തിരുവനന്തപുരം നഗരസഭ ജീവനക്കാരും വിചാരണ നേരിടണം. വഞ്ചിയൂർ വില്ലേജിലെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലാണു ഉടമ പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിതത്. തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു അഴിമതി നടന്നതെന്നാണു വിജിലൻസ് കേസ്. ഈ കേസിലാണ് നഗരസഭാ ജീവനക്കാരടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തങ്ങൾക്കെതിരേയുള്ള വിജിലൻസ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതികൾ നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്.
അസിസ്റ്റന്റ് പ്ലാനിങ് ഓഫീസർ ജെ. ജയശങ്കർ, ടൗൺ പ്ലാനിങ് ഓഫീസർ റോസ് മിലൻ ഡാനിയേൽ, ബിൽഡിങ് ഇൻസ്പെക്ടർ ശശിധരൻ നായർ, യു.ഡി. ക്ലാർക്ക് ആർ. ശങ്കരൻ, ബിൽഡിങ് ഇൻസ്പെക്ടർ എം. കുമാരി, സമ്രാട്ട് ഹോട്ടൽ ഉടമ ജി. മോഹൻദാസ് എന്നിവരാണു പ്രതികൾ. തിരുവനന്തപുരം രാജധാനി ഹോട്ടലുടമ ബിജു രമേശ് നൽകിയ പരാതിയിലാണു വിജിലൻസ് കേസെടുത്തത്.
പഴയ കെട്ടിടത്തിന്റെ ഉൾഭാഗം നവീകരിക്കാനെന്ന പേരിലാണു അനുമതിക്കായി നഗരസഭയിൽ അപേക്ഷ നൽകിയത്. തൊട്ടടുത്തുള്ള കെട്ടിടമായി അപേക്ഷയിൽ കാണിച്ചതും പൊളിച്ച കെട്ടിടം തന്നെയാണെന്നു വിജിലൻസ് കണ്ടെത്തി. ഇപ്രകാരം നഗരസഭയെ തെറ്റിദ്ധരിപ്പിച്ചാണു പുതിയ നിർമ്മാണ പെർമിറ്റ് നേടിയത്. ഇതിനു നഗരസഭയിലെ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുവെന്നു കുറ്റപത്രത്തിൽ പറയുന്നു.
നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടം നിയമവിധേയമാക്കാൻ നഗരസഭയിൽ അപേക്ഷയും നൽകി. ഹോട്ടലിന്റെ അകത്തളം അറ്റകുറ്റപ്പണി നടത്താനുള്ള അനുമതി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയല്ലെന്നു വിജിലൻസ് കണ്ടെത്തി. പരാതിയെ തുടർന്നു നഗരസഭ സ്റ്റോപ്പ് മെമോ നൽകി. കെട്ടിട ഉടമയുടെ വിശദീകരണം കേട്ടശേഷം പുതിയ നിർമ്മിതി പൊളിച്ചുനീക്കണമെന്നായിരുന്നു നഗരസഭയുടെ നിർദ്ദേശം. അതു പാലിച്ചിട്ടില്ല. അഞ്ചു മുറികളുള്ള രണ്ടു നില ഓടിട്ട കെട്ടിടമാണു പൊളിച്ചുനീക്കിയത്. നഗരസഭ പെർമിറ്റ് നൽകിയതു പൊളിച്ചു നീക്കാനായിരുന്നില്ല.
നഗരസഭയുടെ സ്റ്റോപ്പ് മെമോയ്ക്കെതിരേ ആറാം പ്രതി മോഹൻ രാജ് തദ്ദേശ സ്വയംഭരണ വകുപ്പ് ട്രിബ്യൂണലിൽ പരാതി നൽകിയെങ്കിലും തള്ളി. തുടർന്നു സർക്കാരിനു അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണു പ്രതി ഹൈക്കോടതിയെ സമീപിച്ചത്.വിജിലൻസിനു വേണ്ടി സ്പെഷൽ ഗവ. പ്ലീഡർ എ. രാജേഷ്, സീനിയർ ഗവ. സ്പ്ലീഡർ രേഖ എസ്. എന്നിവർ ഹാജരായി.