കോഴിക്കോട്: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ കോടതിയിൽ ഹാജരായി. കോഴിക്കോട് വിജിലൻസ് കോടതിയിലാണ് അരുൺ കുമാറെത്തിയത്. വി.എസിനു ഹാജരാകാൻ സാധിക്കാത്ത ആരോഗ്യസ്ഥിതിയാണെന്ന് അരുൺ കോടതിയെ ബോധിപ്പിച്ചു.

വെള്ളാപ്പള്ളിക്കെതിരായ അഞ്ച് കേസുകൾ അവസാനിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്നു കാണിച്ച് കോടതി അച്യുതാനന്ദനു നോട്ടീസ് അയച്ചിരുന്നു.
ഇതേത്തുടർന്നാണ് വി.എസിനു പകരം മകൻ അരുൺ ഹാജരായത്. എന്നാൽ റിപ്പോർട്ടിന്മേൽ ആക്ഷേപമുണ്ടോയെന്ന കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ലെന്നും അരുൺ വ്യക്തമാക്കി. റിപ്പോർട്ട് പരിശോധിച്ച ശേഷമേ തീരുമാനം എടുക്കുകയുള്ളൂവെന്നും നിലവിൽ വി എസ്. അതിനു സാധിക്കുന്ന ആരോഗ്യാവസ്ഥയിൽ അല്ലെന്നും അരുൺ മാധ്യമങ്ങളോട് പ്രതികരിച്ചു

അച്യുതാനന്ദൻ നൽകിയ പരാതിയിൽ വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി എടുത്ത കേസിലാണ് വിജിലൻസ് വെള്ളാപ്പള്ളിക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയത്. എസ്എൻഡിപി യൂണിയൻ ശാഖകൾ വഴി നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി.എസിന്റെ പരാതി.

പിന്നാക്കക്ഷേമ കോർപറേഷനിൽനിന്നെടുത്ത വായ്പ വലിയ പലിശനിരക്കിൽ താഴേക്കു നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി കേസെടുക്കുകയായിരുന്നു.

സംസ്ഥാനത്തുടനീളം 124 കേസുകളാണു വിജിലൻസ് അന്വേഷിച്ചത്. മൈക്രോ ഫിനാൻസ് വായ്പകളായി നൽകിയ പണം സർക്കാരിലേക്കു തിരികെ അടച്ചുവെന്നും താഴേത്തട്ടിലേക്കു പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണു വിജിലൻസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ.