- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ടറൽ ബോണ്ട് നിയമസാധുതയിൽ വിധി നാളെ
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് സംവിധാനത്തിന് നിയമസാധുത ഉണ്ടോ എന്ന് സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി പറയുക.
ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് ഹർജിക്കാരുടെ വാദം.ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
2018 ജനുവരി 2 മുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്തികൾക്ക് ഒറ്റയ്ക്കോ സംഘമായോ വാങ്ങാനും സാധിക്കും.
സംഭാവനയുമായി ബന്ധപ്പെട്ട് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും നേരത്തേ കോടതിയിൽ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നു. സംഭാവന നൽകുന്നവരുടെ സ്വകാര്യത മാനിക്കണമെന്നു കേന്ദ്രം വാദിച്ചു. എന്നാൽ സുതാര്യത ഉറപ്പുവരുത്താൻ പേരുകൾ വെളിപ്പെടുത്തണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടായിരുന്നത്.
അതേസമയം, കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾവഴി ബിജെപിക്ക് 1,300 കോടി രൂപ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കാലയളവിൽ കോൺഗ്രസിനു ലഭിച്ചതിനേക്കാൾ ഏഴിരട്ടി തുകയാണിതെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിജെപിക്ക് 2022-23 വർഷത്തിൽ ലഭിച്ച തുകയുടെ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകൾ വഴിയാണ്. ഇതേ കാലയളവിൽ പാർട്ടിക്ക് മൊത്തം 2120 കോടി രൂപ സംഭാവനയായി ലഭിച്ചു. 2021-22 സാമ്പത്തികവർഷത്തിൽ ഇത് 1775 കോടി രൂപയായിരുന്നു. 2021-22 വർഷത്തിൽ 1917 കോടിയായിരുന്ന പാർട്ടിയുടെ മൊത്തം വരുമാനം 2022-23ൽ 2360.8 കോടി രൂപയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
പലിശയിനത്തിൽ കഴിഞ്ഞവർഷം ബിജെപി 237 കോടി രൂപ സന്പാദിച്ചു. 2021-22ൽ ഇത് 135 കോടിയായിരുന്നു. തെരഞ്ഞെടുപ്പിനും പൊതുപ്രചാരണങ്ങൾക്കുമായി വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സേവനത്തിനായി 78.2 കോടി രൂപ പാർട്ടി കഴിഞ്ഞവർഷം ചെലവഴിച്ചു. സ്ഥാനാർത്ഥികൾക്ക് 76.5 കോടി രൂപ സാമ്പത്തികസഹായമായി നൽകിയതായും റിപ്പോർട്ടിലുണ്ട്.
അതേസമയം, 2021-22 വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി 236 കോടി രൂപ ലഭിച്ച കോൺഗ്രസിന് കഴിഞ്ഞവർഷം ലഭിച്ചത് 171 കോടി രൂപയാണ്. 2022-23 വർഷത്തിൽ തെലുങ്കുദേശം പാർട്ടിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച തുകയിൽ പത്തിരട്ടി വർധനയാണു രേഖപ്പെടുത്തിയത്. 34 കോടി രൂപയാണ് ഇതുവഴി പാർട്ടിയിലേക്കെത്തിയത്. സമാജ്വാദി പാർട്ടിക്ക് 2021-22 സാമ്പത്തികവർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി 3.2 കോടി രൂപ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞവർഷം കാര്യമായി ലഭിച്ചില്ല.