- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസാല ബോണ്ട് കേസിൽ ഒറ്റത്തവണ സമൻസിന് മറുപടി നൽകി കൂടേ? കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെ? അറസ്റ്റ് അടക്കം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താം; ഐസക്കിന്റെയും കിഫ്ബി സിഇഒയുടെയും ഹർജിയിൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് ഹൈക്കോടതി
കൊച്ചി: മസാലബോണ്ട് കേസിൽ കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെ എന്ന് ഹൈക്കോടതി. ഇഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ടിഎം തോമസ് ഐസകും കിഫ്ബി സിഇഒയും നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. ഒറ്റതവണ സമൻസിന് മറുപടി നൽകിക്കൂടെയെന്ന് കോടതി ചോദിച്ചു. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെയെന്നും ഹൈക്കോടതി ആരാഞ്ഞു. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ പകർത്തുമല്ലോയെന്നും കോടതി ചോദിച്ചു. കോടതിയുടെ നിർദ്ദേശത്തിൽ കക്ഷികളുമായി കൂടിയാലോചിച്ച് തിങ്കളാഴ്ച മറുപടി നൽകാമെന്ന് അഭിഭാഷകർ അറിയിച്ചു.
മസാലബോണ്ട് ഇടപാടിൽ രണ്ട് സമൻസാണ് ലഭിച്ചതെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. ഒരു സമൻസ് സർട്ടിഫൈഡ് കോപ്പി നൽകാനും ഒന്ന് നേരിട്ട് ഹാജരാകാനുമുള്ളതാണ്. സർട്ടിഫൈഡ് കോപ്പി നൽകാൻ തയ്യാറാണെന്നും സിഇഒയോട് നേരിട്ട് ഹാജരാകാൻ പറഞ്ഞതാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കോടതിയുടെ നിർദ്ദേശത്തിൽ കക്ഷികൾക്ക് തൃപ്തി ഇല്ലെങ്കിൽ മെറിറ്റിൽ വാദം കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇഡിയുടെ സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇഡിക്ക് മുന്നിൽ ഹാജരാകാൻ എന്താണ് തടസ്സമെന്നും ഐസക്കിനോട് കോടതി ചോദിച്ചിരുന്നു. ഇഡി്ക്ക് മുമ്പിൽ ഹാജരാകുന്നതിൽ എന്താണ് തടസ്സം. അതിൽ നിയമപരമായി എന്ത് തെറ്റാണുള്ളത്. ഇ.ഡിയുടെ മുമ്പിൽ ഹാജരാകാൻ കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം ആവശ്യം ഉണ്ടെങ്കിൽ ആ ഉത്തരവ് നൽകാമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിലപാട്.
ഇഡിക്ക് ഈ കേസ് അന്വേഷിക്കാനുള്ള നിയമപരമായ അവകാശം ഇല്ല എന്നായിരുന്നു തോമസ് ഐസക്കിന്റെ അഭിഭാഷകൻ ഉന്നയിച്ച പ്രധാനവാദം. ഇഡി നൽകിയ സമൻസിൽ ഇടപെടാൻ ഹൈക്കോടതി തയ്യാറായില്ല. താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമെന്ന് തോമസ് ഐസക്ക് കോടതിയിൽ വ്യക്തമാക്കിയിരുന്നു. വേറെ ആരെയും ഇഡി സമൻസ് നൽകി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ല എന്തിനാണ് ഈ പുതിയ സമൻസ് എന്നതു വ്യക്തം അല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
മസാല ബോണ്ട് കേസിൽ ഇഡി നടപടിക്കെതിരെ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ എം എബ്രഹാമുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഇരുവരുടെയും വാദം. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ