- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ ഇന്റീരിയർ ഡിസൈൻ വർക്ക് പൂർത്തിയാക്കിയില്ല; കരാറുകാരൻ 80,800 രൂപ നഷ്ടപരിഹാരം നൽകണം; വിധി പുറപ്പെടുവിച്ചത് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി
കൊച്ചി: വീടിന്റെ ഇന്റീരിയർ ഡിസൈൻ വർക്കുകൾ നടത്തുന്നതിന് കരാർ എടുത്ത സ്ഥാപനം കരാർ ലംഘനം നടത്തിയതിന് 80,800/ രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
ഇടപ്പള്ളി സ്വദേശി എംഡി വർഗീസ്, വെണ്ണലയിൽ പ്രവർത്തിക്കുന്ന ബ്രൈറ്റ് മെയിന്റനൻസ് കമ്പനി എന്ന സ്ഥാപനവുമായി 2021 ജനുവരി മാസം വീടിന്റെ ഇന്റീരിയൽ ഡെക്കറേഷൻ വർക്കുകൾക്കായി കരാറിലേർപ്പെട്ടു. ധാരണയായ വ്യവസ്ഥകൾ പ്രകാരം, പണികൾ നടക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം, പൊടി, വീട്ടുപകരണങ്ങളുടെ സ്ഥാനം മാറ്റൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പരാതിക്കാരൻ 35,000 രൂപ വാടക നൽകി മറ്റൊരു വീട്ടിലേക്ക് താമസം മാറി.
32,750 രൂപ മുൻകൂറായി നൽകിയ ശേഷം 2021 ഫെബ്രുവരിയിൽ എതിർകക്ഷി പണികൾ ആരംഭിച്ചു. എന്നാൽ, കോവിഡ്-19 സാഹചര്യം മൂലം പണികൾ വൈകി. ചുമതലപ്പെടുത്തിയ വർക്കുകൾ ചെയ്യാതെ മറ്റ് അധിക വർക്കുകൾ ചെയ്യുകയും കോവിഡിനെ മറയാക്കി ജോലി വൈകിപ്പിക്കുകയും ചെയ്തു.
പണി പൂർത്തിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും 2021 ഏപ്രിൽ മാസം പരാതിക്കാരൻ 3 ലക്ഷം രൂപ കൂടി നൽകുകയും ചെയ്തു. എന്നാൽ പണികൾ പൂർത്തിയാക്കാതെ കരാറുകാരൻ വീണ്ടും അധിക തുക ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ, പൂർത്തിയാകാത്ത പണികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക മാത്രം നൽകുകയും കരാർ അവസാനിപ്പിക്കുകയും ചെയ്യാൻ പരാതിക്കാരന്റെ തീരുമാനിച്ചു. എന്നാൽ എതിർകക്ഷികൾ കൃത്യമായി പണികൾ പൂർത്തീകരിക്കാനോ കണക്കുകൾ സമർപ്പിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
പണികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുകയും കൃത്യമായ കണക്കുകൾ ഉപഭോക്താവിന് സമർപ്പിക്കുകയും ചെയ്യാതിരുന്ന കരാറുകാരന്റെ നടപടി അധാർമിക വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു പ്രസിണ്ടന്റും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ കോടതി വിലയിരുത്തി. കബളിപ്പിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവുമായി 80,800/ രൂപ നൽകാൻ എതിർകക്ഷികളായ ബ്രൈറ്റ് മെയിന്റനൻസ് കമ്പനിക്ക് കോടതി ഉത്തരവ് നൽകി.
മറുനാടന് മലയാളി ബ്യൂറോ