- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി വി അൻവറുടെ പി വി ആർ നേച്ചർ പാർക്കിലെ റൈഡുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല; നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്നും കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയിൽ; പൂന്തോട്ടം മാത്രമാണ് തുറന്നുനൽകിയതെന്ന് അൻവറും
കൊച്ചി: പി വി അൻവർ എം എൽ എയുടെ കക്കാടംപൊയിലിലെ പി വി ആർ നേച്ചർ പാർക്കിലെ റൈഡുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് ഹൈക്കോടതിയിൽ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്നും കൂടരഞ്ഞി പഞ്ചായത്തിന്റെ വിശദീകരണത്തിൽ പറയുന്നു. കുട്ടികളുടെ പാർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, പഞ്ചായത്ത് നൽകിയ ലൈസൻസിലെ വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിൽ ഹൈക്കോടതി വ്യക്തത തേടിയ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ വിശദീകരണം.
അതേസമയം, വൈദ്യുതി ഉപയോഗിച്ചുള്ള റൈഡുകൾ പ്രവർത്തിപ്പിക്കുന്നില്ലെന്നും പൂന്തോട്ടം മാത്രമാണ് തുറന്നുനൽകിയതെന്നും പി വി അൻവർ എം എൽ എയും സത്യവാങ്മൂലം നൽകി. ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് പൂട്ടിയ നേച്വർ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ പൊളിക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പാർക്ക് അധികൃതരുടെ അപേക്ഷയെത്തുടർന്ന് ഫീസിനത്തിൽ കുടിശ്ശികയായ ഏഴുലക്ഷം ഈടാക്കി പാർക്കിന്റെ ലൈസൻസ് പഞ്ചായത്ത് പുതുക്കി നൽകിയിരുന്നു. ഇതിനുപുറമെ പാർക്കിന്റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫിസിലും അടച്ചു. കുട്ടികളുടെ പാർക്ക് തുറക്കാനാണ് അനുമതിയുള്ളതെന്നും വ്യക്തമാക്കിയിരുന്നു.
കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്‌മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമ്മിച്ചതെന്നായിരുന്നു പരാതി. പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നൽകി സർക്കാർ ഓഗസ്റ്റിൽ ഉത്തരവിറക്കിയതെന്നും പരാതി ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ