- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നത്
കൊച്ചി: എസ്എഫ്ഐഒ അന്വേഷണത്തെ കെഎസ്ഐഡിസി ( കേരള വ്യവസായ വികസന കോർപ്പറേഷൻ) സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണത്തിലാണ് കെഎസ്ഐഡിസി നിലപാടിനെ കോടതി വിമർശിച്ചത്.
കെഎസ്ഐഡിസി പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ? എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കെഎസ്ഐഡിസി ചെയ്യേണ്ടിയിരുന്നത്. നിങ്ങളുടെ നോമിനിക്കു സിഎംആർഎലിൽ നടന്നതെന്തെന്ന് അറിയില്ലെന്നതു ലോജിക്കൽ അല്ല. സത്യം കണ്ടെത്താനാണ് ശ്രമം. ഹൈക്കോടതി അഭിപ്രായപ്പെട്ടു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
57 കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് കെഎസ്ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾക്ക് ബന്ധമില്ലാത്തതിനാൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാണ് കെഎസ്ഐഡിസി ഹർജിയിൽ ആവശ്യമുന്നയിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണത്തെ എതിർക്കുന്ന കെഎസ്ഐഡിസി ഹർജി പരിഗണിക്കുന്നത് അടുത്ത മാസം 12ലേക്ക് മാറ്റി. ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷയും അനുവദിക്കരുതെന്നുള്ള കെഎസ്ഐഡിസിയുടെ എതിർ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിക്കും.
കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതല്ലേ നല്ലതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി നേര്ത്തെയും ചോദിച്ചിരുന്നു, അന്വേഷണത്തെ എതിർക്കുന്ന ഉദ്ദേശ ശുദ്ധി കെഎസ്ഐഡിസി വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
സിഎംആർഎൽ-എക്സലോജിക് പണമിടപാടിൽ കെഎസ്ഐഡിസിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്ഥാപനത്തിന്റെ വിശ്വാസ്യതയെയും സൽപ്പേരിനെയും ബാധിക്കുമെന്നായിരുന്നു വാദം. എന്നാൽ ആശങ്കയെന്തിനെന്ന് കെഎസ്ഐഡിസിയോട് ചോദിച്ച കോടതി സിഎംആർഎല്ലിന്റെ ഇടപാടുകൾ ശരിയായി അന്വേഷിക്കപ്പെടേണ്ടതാണെന്നും നിലപാടെടുത്തു.
അതേസമയം, അനുബന്ധ സ്ഥാപനം എന്ന നിലയിലാണ് കെഎസ്ഐഡിസിയിലേക്ക് അന്വേഷണം വന്നതെന്ന് കേന്ദ്രം മറുവാദം ഉന്നയിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ഐഡിസി. പൊതുപണമാണ് സ്ഥാപനത്തിലുള്ളത്. അന്വേഷണം നടന്നാലെ ഏതെങ്കിലും കുറ്റകരമായ പ്രവർത്തികൾ നടന്നുവെന്ന് വ്യക്തമാകൂ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.