- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തസമ്മർദ്ദവും പ്രമേഹവും വാതവും പൊണ്ണത്തടിയും എല്ലാം പൂർണമായി ഭേദമാക്കുമെന്ന് പതഞ്ജലിക്ക് എങ്ങനെ അവകാശപ്പെടാനാകും? രാജ്യത്തെ മുഴുവൻ കബളിപ്പിച്ചിട്ടും കേന്ദ്രം കണ്ണടച്ചിരിക്കുന്നു; വ്യാജപരസ്യകേസിൽ രാംദേവിനെ കക്ഷി ചേർക്കാൻ സന്ന്യാസി എന്നത് വിഷയമല്ലെന്നും സുപ്രീം കോടതി
ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി വ്യാജവും, തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യം നൽകിയെന്ന കേസിൽ നടപടി സ്വീകരിക്കാത്തതിന് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ കടുത്ത വിമർശനം. സർക്കാർ കണ്ണടച്ചിരിക്കുകയാണെന്ന് കോടതി പറഞ്ഞു. ഇത്തരം തെറ്റായ പരസ്യത്തിലൂടെ രാജ്യത്തെ മുഴുവൻ കബളിപ്പിക്കുകയാണ്. ഇത് വളരെ ദൗർഭാഗ്യകരമാണ്. സർക്കാർ അടിയന്തര നടപടിയെടുക്കണം, കോടതി പറഞ്ഞു.
കോടതി മുന്നറിയിപ്പ് നൽകിയിട്ടും തെറ്റായ പരസ്യങ്ങൾ നൽകുന്നത് തുടരുകയയും കോടതിയെ വെല്ലുവിളിക്കുകയുമാണ്. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ കോടതി ഇടപെടും. തെറ്റായ പരസ്യത്തിൽ പതഞ്ജലിക്കെതിരെ രണ്ട് വർഷമായി കേന്ദ്രം ഒരു നടപടിയും എടുക്കുന്നില്ല. അധിക പണം പതഞ്ജലിയുടെ പക്കലുണ്ടെന്ന് അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.ബാബാ രാംദേവിനെ കക്ഷിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചപ്പോൾ രാംദേവ് സന്ന്യാസിയെന്ന് അഭിഭാഷകൻ പറഞ്ഞു. എന്നാൽ, അത് ഇവിടെ വിഷയമല്ലെന്നായിരുന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ അമാനുല്ലയുടെ പ്രതികരണം.
എന്താണ് ബാബ രാംദേവിന് സംഭവിച്ചത്? യോഗ പ്രചരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹത്തെ ഞങ്ങൾ ആദരിക്കുന്നു. എന്നാൽ മറ്റുവൈദ്യശാഖകളെ അദ്ദേഹം വിമർശിക്കരുത്. അലോപ്പതി ഡോക്ടർമാർ കൊലയാളികൾ ആണെന്നും മറ്റും ആരോപിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ കാണാം. വമ്പൻ പരസ്യങ്ങളാണ് നൽകുന്നത്, നേരത്തെ കോടതി പറഞ്ഞിരുന്നു.
കോടതി ഉത്തരവിട്ടിട്ടും ഇത്തരം പരസ്യങ്ങളുമായി വരാൻ പതഞ്ജലിക്ക് ധൈര്യം വന്നു. എന്താണ് സ്ഥിരമായ ആശ്വാസം എന്ന് വച്ചാൽ? അത് രോഗമുക്തിയാണോ? ഒരു പ്രത്യേക രോഗം നിങ്ങളുടെ മരുന്ന് കഴിച്ചാൽ ഭേദമാകുമെന്ന് നിങ്ങൾക്ക് പറയാനാകില്ല. രക്തസമ്മർദ്ദം, പ്രമേഹം, വാതം, ആസ്തമ, പൊണ്ണത്തടി എല്ലാം പൂർണമായി ഭേദമാക്കുമെന്ന് പതഞ്ജലിക്ക് എങ്ങനെ അവകാശപ്പെടാകാനും? ജസ്റ്റിസ് എ അമാനുല്ലചോദിച്ചു.
കോടതിയെ വിമർശിച്ച ബാബാ രാംദേവ് വാർത്താസമ്മേളനം നടത്തിയെന്ന് ഐഎംഎ വാദിച്ചു. രോഗശാന്തി വരുത്തിയെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ചുവെന്നും ഐഎംഎ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പതഞ്ജലിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അലോപ്പതിയെയും അലോപ്പതി ഡോക്ടർമാരെയും മോശമായി പരസ്യങ്ങളിൽ ചിത്രീകരിക്കുന്നുവെന്നാണ് ഐഎംഎയുടെ പരാതി.
മറുനാടന് മലയാളി ബ്യൂറോ