- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാന്ദ്ര മോശം റിവ്യുവിന് 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ദിലീപിന്റെ ബാന്ദ്ര സിനിമയ്ക്കെതിരെ മോശം റിവ്യു നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്.
ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ബാന്ദ്ര. രാമലീല എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും തമ്മിൽ ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. തമന്നയായിരുന്നു ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയത്. മോശം റിവ്യു നടത്തിയ ഏഴ് പേർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യവുമായി നിർമ്മാതാക്കൾ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് റിവ്യു തടസ്സമാകുന്നു എന്നാരോപിച്ചാണ് നിർമ്മാതാക്കൾ രംഗത്തെത്തിയത്.
ഏകദേശം 35 കോടിയോളമായിരുന്നു ചിത്രത്തിന്റെ മുടക്കുമുതൽ. എന്നാൽ ചിത്രം തിയറ്ററുകളിൽ വേണ്ടത്ര വിജയമായില്ല. ഇത്രയും ഭീമമായ മുതൽമുടക്കിൽ ഒരു ദിലീപ് ചിത്രം പുറത്തിറങ്ങുന്നത് ആദ്യമായിട്ടായിരുന്നു. തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രചാരണത്തോടെയാണ് ബാന്ദ്ര കേരളത്തിൽ റിലീസായത്.
ചിത്രത്തിൽ നായികയായി എത്തിയ തമന്നയ്ക്ക് വമ്പൻ പ്രതിഫലമാണ് നൽകിയത്. പ്രതിദിനം 15 ലക്ഷം രൂപയാണ് തമന്നയ്ക്ക് പ്രതിഫലമായി നൽകിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ചിത്രത്തിന്റെ നിർമ്മാതാക്കളായ അജിത് വിനായക ഫിലിംസാണ് 7 റിവ്യൂവർമാർക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഷാസ് മുഹമ്മദ്, അർജുൻ ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്ഊബർമാർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ കമ്പനിക്ക് നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് ക്യാമ്പയിൻ നൽകിയെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. നെഗറ്റീവ് റിവ്യൂ ചെയ്തതുകൊണ്ടാണ് സിനിമയ്ക്ക് പരാജയം സംഭവിച്ചതെന്നും നിർമ്മാതാക്കൾ ആരോപിച്ചിരുന്നു.
ബാന്ദ്ര ചിത്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വ്യാജവും മോശമായതുമായ നിരൂപണങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നാണ് നിർമ്മാതാക്കൾ യൂട്ഊബർമാർക്കെതിരെ പരാതിയിൽ ഉന്നയിച്ചത്. അപകീർത്തിപ്പെടുത്തൽ മാത്രമല്ല ഇവർ ചെയ്യുന്നതെന്നും കൊള്ളയടിക്കുകയാണ് ഇവരുടെ ഉദ്ദേശമെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ ഏഴ് പേർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലൂടെ നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ സിനിമയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു.