കൊച്ചി: ലാപ്‌ടോപ്പ് വാങ്ങി രണ്ട് ദിവസത്തിനകം തകരാറിലാകുകയും അത്പരിഹരിച്ച് നൽകുന്നതിൽ വീഴ്ച വരുത്തുകയും ചെയ്ത എതിർകക്ഷികൾ പരാതിക്കാരന് പുതിയ ലാപ്‌ടോപ്പും 60,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.

എച്ച്.പി .ഗ്ലോബൽ സോഫ്റ്റ്‌വെയർ Ltd, സ്‌കൈനെറ്റ് കംപ്യൂട്ടേഴ്‌സ്, പെരുമ്പാവൂർ എന്നിവർക്കെതിരെ കുറുപ്പുംപടി സ്വദേശി ബിജു ജേക്കബ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2018 ഒക്ടോബർ മാസത്തിലാണ് 35 ,000 രൂപ നൽകി പരാതിക്കാരൻ എച്ച്.പി ലാപ്‌ടോപ്പ് വാങ്ങിയത്. ഒരു വർഷം വാറണ്ടിയുള്ള ലാപ്‌ടോപ്പിന്റെ കീബോർഡ് രണ്ടുദിവസത്തിനകം തകരാറിലായി. തുടർന്ന് പലതവണ റിപ്പയർ ചെയ്‌തെങ്കിലും തകരാർ പൂർണ്ണമായും പരിഹരിക്കാൻ എതിർകക്ഷികൾക്ക് കഴിഞ്ഞില്ല. ലാപ്‌ടോപ്പ് തകരാറിൽ ആയതിനാൽ വലിയ ബിസിനസ് നഷ്ടവും ബുദ്ധിമുട്ടുകളും പരാതിക്കാരന് ഉണ്ടായതായി കോടതി വിലയിരുത്തി.

'ഗുണ നിലവാരമുള്ള ഉൽപ്പന്നവും സേവനവും ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ് ' ഈ അവകാശം ഉറപ്പുവരുത്തേണ്ട ചുമതല നിർമ്മാതാക്കൾക്കും ഡീലർമാർക്കും സർവീസ് നൽകുന്നവർക്കും ഉണ്ടെന്ന് ഡി. ബി ബിനു പ്രസിണ്ടന്റും വൈക്കം രാമചന്ദൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

വാറണ്ടി വ്യവസ്ഥകൾ പാലിക്കുന്നതിൽ എതിർകക്ഷികൾ ഗുരുതരമായ വീഴ്ച വരുത്തുകയും കാര്യക്ഷമമായി റിപ്പയർ ചെയ്ത് നൽകാനോ എതിർ കക്ഷികൾ തയ്യാറായില്ല കമ്മീഷൻ വിലയിരുത്തി.

ഈ സാഹചര്യത്തിലാണ് പുതിയ ലാപ്‌ടോപ്പോ അതിന്റെ വിലയോ കൂടാതെ 50,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും ഒരു മാസത്തിനകം നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി എതിർകക്ഷികൾക്ക് ഉത്തരവ് നൽകിയത്.

പരാതിക്കാരന് വേണ്ടി അഡ്വ. സി. ജെ സോളമൻ ഹാജരായി.