- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി 15.53 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
പത്തനംതിട്ട: മഹാപ്രളയത്തിൽ ഫർണിച്ചർ കട നശിച്ചതിന് നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി 15.53 ലക്ഷം രൂപ നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. റാന്നി ഇടശേരിൽ വീട്ടിൽ എബി സ്റ്റീഫൻ നൽകിയ ഹർജി പരിഗണിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് അഡ്വ. ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
എബിയുടെ ഉടമസ്ഥതയിൽ റാന്നിയിലുള്ള എബനേസർ ഫർണിച്ചർ മാർട്ട് ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ 15 ലക്ഷം രൂപയ്ക്ക് ഇൻഷ്വർ ചെയ്തിരുന്നു. 2018 ലെ മഹാപ്രളയത്തിൽ വെള്ളം കയറി എബിയുടെ സ്ഥാപനത്തിൽ 13.38 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇക്കാര്യം ഇൻഷ്വറൻസ് കമ്പനിയുടെ പരിശോധനയിൽ ബോധ്യപ്പെട്ടു. എന്നാൽ, ഈ കടയിൽ വെള്ളം കയറിയിട്ടില്ലെന്ന് പറഞ്ഞ് കമ്പനി ഇൻഷ്വറൻസ് നിഷേധിച്ചു. ഇതിനെതിരേ ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി കൊല്ലം മാനേജരെ എതിർകക്ഷിയാക്കി എബി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹർജി നൽകി.
റാന്നി തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറിി,അഡ്വക്കേറ്റ് കമ്മിഷണർ എന്നിവർ കമ്മിഷൻ മുമ്പാകെ ഹാജരായി എബിക്ക് അനുകൂലമായ തെളിവുകൾ കൈമാറി. ഇരുകൂട്ടരുടെയും സാക്ഷികളെ കമ്മിഷൻ വിസ്തരിച്ചു. അവരുടെ മൊഴികളും ഹാജരാക്കിയ രേഖകളും അടിസ്ഥാനമാക്കിയാണ് കമ്മിഷൻ വിധി പ്രഖ്യാപിച്ചത്. എബിയുടെ ഹർജി ശരിയാണെന്ന് കമ്മിഷന് ബോധ്യമായി. അതിന്റെ അടിസ്ഥാനത്തിൽ ഫർണിച്ചർ മാർട്ടിലുണ്ടായ നഷ്ടം 13.38 ലക്ഷം രൂപയും രണ്ടു ലക്ഷം നഷ്ടപരിഹാരവും ചെലവ് 15000 രൂപയും ചേർത്ത് 15.53 ലക്ഷം ഹർജി കക്ഷിക്ക് നൽകാൻ കമ്മിഷൻ ഉത്തരവിടുകയായിരുന്നു.