പത്തനംതിട്ട: സർവേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ താലൂക്ക് ഓഫീസിലെ മുൻ അറ്റൻഡറെ വിജിലൻസ് കോടതി ഏഴു വർഷം കഠിനതടവിനും 45,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. തിരുവല്ല താലൂക്ക് ഓഫീസ് അറ്റൻഡറായിരുന്ന പി. വിൻസിയെ ആണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.

നിരണം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു അളന്ന് തിരിച്ച് സർവേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിന് കൈക്കൂലി വാങ്ങിയതിന് 2014 നവംബർ 18 നാണ് വിജിലൻസിന്റെ പിടിയിലായത്. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്‌പി ആയിരുന്ന എം.എൻ. രമേശാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് വകുപ്പുകളിലായി നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും മൂന്ന് വർഷം കഠിനതടവും 20,000 രൂപയും ഉൾപ്പെടെ ആകെ 7 വർഷം കഠിന തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽപറയുന്നു. പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു.

ഡിവൈ.എസ്‌പിമാരായിരുന്ന എം.എൻ. രമേശ്, പി.ടി. രാധാകൃഷ്ണപിള്ള, ഇൻസ്പെക്ടർ ആയിരുന്ന കെ. ബൈജുകുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി വന്നിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ എൽ.ആർ.
രഞ്ജിത് കുമാർ ഹാജരായി.