- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റ് സർവകലാശാല വിസി ഡോ.എം കെ ജയരാജിന് തുടരാം
കൊച്ചി: കാലിക്കറ്റ് സർവകലാശാല വി സി ഡോ. എംകെ ജയരാജിന് പദവിയിൽ തുടരാം. വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, കാലടി വിസി ഡോ എം വി നാരായണനെ സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാൻസലറുടെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല.
ഡോ. എം. വി. നാരായണൻ, ഡോ. എം. കെ. ജയരാജ് എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഇവരുടെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു പറഞ്ഞ് അസാധുവാക്കിയ ചാൻസലറുടെ മാർച്ച് 7ലെ ഉത്തരവു ചോദ്യം ചെയ്താണു ഹർജി.
നിയമനം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വിസിമാരെയും പുറത്താക്കിയത്. സാങ്കേതിക സർവകലാശാലാ വിസി ഡോ.രാജശ്രീയെ പുറത്താക്കിയ നടപടി ശരിവച്ച സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ഗവർണറുടെ നടപടി. തുടർന്ന് ഡോ. എം വിനാരായണൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ചാൻസലറുടെയും യുജിസിയുടെയും വാദങ്ങൾ ശരിവച്ചുകൊണ്ട് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.
വിസിയെ തിരഞ്ഞെടുക്കുന്നതിനായുള്ള കാലിക്കറ്റ് സർവകലാശാലയുടെ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതായിരുന്നു ഡോ. ജയരാജിന്റെ പുറത്താക്കലിലേക്കു നയിച്ചത്. എന്നാൽ അന്നത്തെ ചീഫ് സെക്രട്ടറി കാലിക്കറ്റ് വിസിയുടെ താത്കാലിക ചുമതല വഹിച്ചിട്ടുണ്ടെന്നും മാത്രമല്ല, അക്കാദമിക മികവു പുലർത്തിയിട്ടുള്ള വ്യക്തിയായിരുന്നു എന്നും വാദത്തിനിടെ ഡോ. എം കെ ജയരാജിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊപ്പം, ചീഫ് സെക്രട്ടറി ചാൻസലറുടെ നോമിനിയായിരുന്നു എന്നുമായിരുന്നു വാദം.
സംസ്കൃത സർവകലാശാല വിസി സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഏറ്റവും യോഗ്യനായ വ്യക്തിയെന്ന നിലയിലാണു സെർച്ച് കമ്മിറ്റി ഡോ. നാരായണന്റെ പേരുമാത്രം ശുപാർശ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ യുജിസി ചട്ടങ്ങളുടെ ലംഘനമല്ലേ വിഷയം എന്ന് വാദത്തിനിടെ കോടതി ആരാഞ്ഞിരുന്നു. ഒന്നിലധികം പേരുകൾ സെർച്ച് കമ്മിറ്റി നിർദേശിക്കണം എന്നാണ് യുജിസി ചട്ടം.
കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയിരുന്നു. ഈ വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോൾ, ഗവർണർ വിസിമാരുമായി ഹിയറിങ് നടത്തണമെന്നും കാരണം തേടണമെന്നും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജ്, സംസ്കൃത വിസി ഡോ. എം വി നാരായണൻ എന്നിവരുമായി ഹിയറിങ് നടത്തി. തുടർന്ന് ഗവർണർ നിയമോപദേശവും തേടിയിരുന്നു.
ഹിയറിങ്ങിന് ശേഷമാണു ഗവർണർ രണ്ടു വിസിമാരെയും പുറത്താക്കിയത്. ഡിജിറ്റൽ സർവകലാശാലയുടെ വിസി നേരിട്ട് ഹിയറിങ്ങിനു ഹാജരായി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. മൂന്നു വിസിമാരും അയോഗ്യരാണെന്നു യുജിസി പ്രതിനിധി ഹിയറിങ്ങിൽ അറിയിച്ചു. വിസിമാർക്കോ അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. കാലിക്കറ്റ് വിസി നിയമനത്തിന്റെ സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്കൃത സർവകലാശാലയിൽ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും ഓപ്പൺ ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയത്.
ഗവർണർ വീണ്ടും ഹിയറിങ് നടത്താൻ നിർദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്തു സംസ്കൃത സർവകലാശാല വിസി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തുവെങ്കിലും ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിഴ ഈടാക്കേണ്ടി വരുമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടതിനെതുടർന്ന് അപ്പീൽ പിൻവലിക്കുകയായിരുന്നു. തനിക്കും തന്റെ അഭിഭാഷകനും ഹിയറിങ്ങിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നു കാണിച്ച് സംസ്കൃത വിസി ഗവർണറുടെ സെക്രട്ടറിക്കു കത്ത് നൽകിയെങ്കിലും ഗവർണറുടെ ഓഫിസ് ഓൺലൈനായി പങ്കെടുക്കാൻ നിർദേശിക്കുകയായിരുന്നമു. ഗവർണർ നോട്ടിസ് നൽകിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം വിസിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചു. കെടിയു, കണ്ണൂർ, ഫിഷറീസ് വിസിമാർക്ക് കോടതിവിധി പ്രകാരം പദവി നഷ്ടപ്പെട്ടു.