കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ റാഗിംഗിന്റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. 2023ലെ റാഗിംഗിന്റെ പേരിൽ ആന്റി റാഗിങ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. ഈ സസ്പെൻഷനാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.

2023 ലെ റാഗിങിൽ സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തിരുന്നു. നാലാംവർഷ വിദ്യാർത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് സസ്‌പെൻഷൻ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ 2021 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളോ പരാതിയോ ആന്റി റാഗിംങ് സമിതിക്ക് കിട്ടിയിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർത്ഥിയും പരാതി നൽകിയില്ല. സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ വിദ്യാർത്ഥികളെയും സർവകലാശാല അധികൃതർ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

നേരത്തെയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥിന്റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ കേസിൽ നാലുപേർക്ക് എതിരെ ആയിരുന്നു നടപടി. 2 പേരെ ഒരു വർഷത്തേക്ക് സസ്‌പെന്റ് ചെയ്തപ്പോൾ 2 പേരുടെ സ്‌കോളർഷിപ്പ് റദ്ദാക്കുകയായിരുന്നു. ഇടക്കാല ഉത്തരവായാണ് വിദ്യാർത്ഥികൾ ഇരുവരുടെയും സസ്‌പെൻഷന് സ്റ്റേ അനുവദിച്ചത്. ആന്റി റാംഗിങ് കമ്മിറ്റിയോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി.

33 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചതിന് എതിരെ ഗവർണർ

സിദ്ധാർത്ഥന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന 33 വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ച വൈസ് ചാൻസലറുടെ നടപടിയിൽ ഗവർണർ വിശദീകരണം തേടി. വെറ്ററിനറി സർവകലാശാല വി സിയോടാണ് ഗവർണർ വിശദീകരണം തേടിയത്. വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ചതിൽ വിശദീകരണം നൽകാനാണ് ആവശ്യം. വി സിയുടെ നടപടിക്കെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് രംഗത്ത് വന്നിരുന്നു.

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണമാണ് സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് ഉന്നയിച്ചത്. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിയമോപദേശം പോലും തേടാതെയാണ് വി സി യുടെ നടപടിയെന്നും കേസ് അട്ടിമറിക്കാൻ വി സി കൂട്ട് നിൽക്കുന്നതായും അതിന് വി സിക്ക് എന്തെങ്കിലും ഓഫർ കാണുമായിരിക്കുമെന്നുമായിരുന്നു ജയപ്രകാശിന്റെ പ്രതികരണം.

സിദ്ധാർത്ഥന്റെ ദുരൂഹ മരണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിക്കാനുള്ള വി സിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. വി സി യുടെ നടപടി പിൻവലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്വേഷണത്തെ അട്ടിമറിക്കുന്ന നടപടിയാണ് വി സിയുടേതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തെളിവ് നശിപ്പിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് നീക്കമെന്നും വി ഡി സതീശൻ ആരോപിച്ചിരുന്നു.