കൊച്ചി : ഫ്‌ളാറ്റ്തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നടപ്പിലാക്കാത്ത നോർത്ത് പറവൂർ പൊലീസ് എസ്. എച്ച് ഒ നേരിട്ട് വന്ന് കാരണം ബോധിപ്പിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

'വിധി നടപ്പിലാക്കുന്നതിൽ ഒരു പതിറ്റാണ്ട് നീളുന്ന പൊലീസിന്റെ നിഷ്‌ക്രിയത്വം നിരുത്തരവാദപരവും മാപ്പ് അർഹിക്കാത്തതും' ആണെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ജസ്റ്റിസ് കെ. സുരേന്ദ്രമോഹനും അംഗമായ കെ ആർ രാധാകൃഷ്ണനും ചേർന്ന ബഞ്ച് നിരീക്ഷിച്ചു.

ശാന്തി മഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ഉടമകളായ എറണാകുളം നോർത്ത് പറവൂർ സ്വദേശി ഡോ. വി. എൻ രാധാകൃഷ്ണൻ, ഭാര്യ രമണി, മക്കളായ രാഗേഷ് മനു, മഞ്ജുഷ ,രഞ്ജിഷ എന്നിവർക്ക് എതിരെയാണ് സംസ്ഥാന കമ്മീഷൻ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്.

നിരവധി ഉപഭോക്താക്കളെ കബളിപ്പിച്ച പ്രതികൾക്കെതിരെ 2015 ലാണ് കമ്മീഷൻ വിധി പറഞ്ഞത്. വിധി നടപ്പിലാക്കാത്തതിനെ തുടർന്ന് നോർത്ത് പറവൂർ പൊലീസ് സ്റ്റേഷൻ മുഖേനെ പ്രതികൾക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് കമ്മീഷൻ പുറപ്പെടുവിച്ചു.

വാറണ്ട് നടപ്പിലാക്കിയില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവി മുഖേനെയും വാറണ്ട് അയച്ചു. ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് പൊലീസ് സ്വീകരിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാൻ എസ് എച്ച് ഓ യ്ക്ക് നിർദ്ദേശം നൽകി. തുടർന്നും പ്രതികരണം ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന കമ്മീഷൻ അസാധാരണമായ നടപടിയിലേക്ക് നീങ്ങിയത്.

മെയ് 28ന് നോർത്ത് പറവൂർ എസ് എച്ച്.ഒ കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദ്ദേശം. ഈ ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിയോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.